ദമ്പതികൾക്കെതിരെ സാമൂഹിക വിരുദ്ധരുടെ അതിക്രമം
text_fieldsവടകര: മാധ്യമ പ്രവർത്തകനും, ഭാര്യക്കും നേരെ സാമൂഹിക വിരുദ്ധരുടെ അതിക്രമം. ജന്മഭൂമി വടകര ലേഖകൻ കീഴൽ സ്വദേശിയായ നവനീത് കൃഷ്ണനും ഭാര്യക്കും നേരെയാണ് ചൊവ്വാഴ്ച രാത്രി അതിക്രമം നടന്നത്. രാത്രി 9.10 ഓടെ ദേശീയപാതയിലെ എം.ആർ.എ ബേക്കറിയിൽ ഭക്ഷണം പാർസൽ വാങ്ങാനെത്തിയതായിരുന്നു ഇരുവരും. ഓർഡർ ചെയ്ത ഭക്ഷണം ലഭിക്കാൻ കാത്തുനിൽക്കുന്നതിനിടയിൽ ഒരാൾ ഇരുവരുടേയും ഫോട്ടോ മൊബൈലിൽ പകർത്തി. തത്സമയം തന്നെ ഇയാളെ പിടികൂടി മൊബൈലിൽ പകർത്തിയ ഫോട്ടോകൾ ഹോട്ടൽ ജീവനക്കാരുടെ സാന്നിധ്യത്തിൽ ഡിലീറ്റ് ചെയ്യിച്ച ശേഷം ഇയ്യാൾ പുറത്തേക്ക് വിട്ടയക്കുകയും ചെയ്തു.
മാധ്യമ പ്രവർത്തകനും ഭാര്യയും ഭക്ഷണം വാങ്ങി പുറത്തേക്ക് ഇറങ്ങിയപ്പോൾ ഫോട്ടോ എടുത്ത വ്യക്തിയും മറ്റു രണ്ടുപേരും സംഘം ചേർന്ന് ഇരുവരെയും തടഞ്ഞ് നിർത്തി അസഭ്യം പറഞ്ഞതായി വടകര പൊലീസിൽ നൽകിയ പരാതിയിൽ പറഞ്ഞു. ടൗൺ കേന്ദ്രീകരിച്ച് സാമൂഹിക വിരുദ്ധരുടെയും മദ്യപന്മാരുടെയും ശല്യം വർധിച്ചതായി പരാതിയുണ്ട്.സംഭവത്തിൽ വടകര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

