വടകര-മാഹി ജലപാത: പൂർത്തിയാകാൻ ഇനിയും കാത്തിരിക്കണം
text_fields ഉൾനാടൻ ജലഗതാഗതത്തിെൻറ ഭാഗമായി മോന്തോൽ കടവിൽ പൂർത്തിയായ ബോട്ട് ജെട്ടി
വടകര: വടകര-മാഹി ജലപാതയെന്ന സ്വപ്നം യാഥാർഥ്യമാകാൻ ഇനിയും രണ്ടുവർഷം കാത്തിരിക്കണം. നിർമാണം ദ്രുതഗതിയിൽ പുരോഗമിക്കുന്നുണ്ടെങ്കിലും 2023ലേ കമീഷൻ ചെയ്യാൻ സാധിക്കൂ എന്നാണറിയുന്നത്. കനാലുകളുടെ നിർമാണം ത്വരിതഗതിയിൽ നടന്നു വരുകയാണ്. മഴയത്തും മണ്ണു വാരാൻ കഴിയുന്ന യന്ത്രങ്ങളുടെ സഹായത്തോടെയാണ് പ്രവൃത്തി പുരോഗമിക്കുന്നത്. ആയഞ്ചേരി വില്യാപ്പള്ളി പഞ്ചായത്തുകളുടെ ഭാഗമായ ചേരിപ്പൊയിൽ ഭാഗത്ത് മണ്ണിടിച്ചിൽ പ്രവൃത്തിക്ക് പ്രധാന തടസ്സമായി. ഈ ഭാഗത്തെ നിർമാണപ്രവർത്തനങ്ങൾ പൂർത്തീകരിച്ചാൽ താൽക്കാലികമായി തുറന്നുകൊടുക്കാമെന്നാണ് കരുതുന്നത്.
17.6 കിലോമീറ്റർ ദൈർഘ്യമുള്ള ജലപാത നിർമാണം സാങ്കേതികത്വത്തിൽ കുരുങ്ങിയാണ് വൈകുന്നത്. കളിയാംവെള്ളി, തിരുത്തിമുക്ക് എന്നിവിടങ്ങളിലെ മൂന്നര കിലോമീറ്റർ ഭാഗം ത്വരിതഗതിയിൽ പുരോഗമിക്കുകയാണ്. 18 കോടി രൂപയുടെ നിർമാണപ്രവർത്തനമാണ് നടക്കുന്നത്. ഏറാമല എടച്ചേരി ഗ്രാമപഞ്ചായത്തുകളുടെ ഭാഗമായ വേങ്ങോളി പാലം കരിങ്ങാട് മുതൽ തുരുത്തിവരെയും നിർമാണം നടക്കുന്നുണ്ട്.
മൂഴിക്കൽ ഫൂട്ട് ബ്രിഡ്ജ് ഉൾപ്പെടെയുള്ളവയുടെ നിർമാണവും ഇതോടൊപ്പം പുരോഗമിക്കുകയാണ്. ഇതോടൊപ്പം ഉൾനാടൻ വിനോദ സഞ്ചാരത്തിെൻറ ഭാഗമായുള്ള ബോട്ട് ജെട്ടികളുടെ നിർമാണം മോന്തോൽ കടവ്, പെരിങ്ങത്തൂർ എന്നിവിടങ്ങളിൽ പൂർത്തിയായി. വടകര-മാഹി കനാൽ യാഥാർഥ്യമാകുന്നതോടൊപ്പം വിനോദ സഞ്ചാര മേഖലയിൽ വൻ കുതിച്ചുചാട്ടത്തിന് വഴിവെക്കും ഒപ്പം കുരുക്കൊഴിയാത്ത ദേശീയ പാതക്ക് ആശ്വാസമാകുമെന്നാണ് കരുതുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

