32 ലിറ്റർ വിദേശമദ്യവുമായി രണ്ടുപേർ പിടിയിൽ
text_fieldsവിദേശമദ്യവുമായി പിടിയിലായ പ്രതികൾ
വടകര: എക്സൈസ് റേഞ്ച് പാർട്ടി നടത്തിയ പരിശോധനയിൽ 32 ലിറ്റർ വിദേശമദ്യവുമായി രണ്ടുപേർ അറസ്റ്റിൽ. കൊയിലാണ്ടി ഇരിങ്ങൽ അയനിക്കാട് ആവിത്താരമ്മൽ സഞ്ജു (29), മൂടാടി ചിങ്ങപുരം പതിനൊന്നാം കണ്ടം കുനിയിൽ ഷനീഷ് (30 ) എന്നിവരാണ് പിടിയിലായത്.
ജോയന്റ് എക്സൈസ് കമീഷണർ സ്ക്വാഡിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. ദേശീയ പാതയിൽ ചോറോട് റെയിൽവേ മേൽപാലത്തിന് സമീപത്തുവെച്ച് മാഹിയിൽനിന്ന് ബൈക്കിൽ മദ്യം കടത്തിക്കൊണ്ടുവരുമ്പോഴാണ് പ്രതികൾ എക്സൈസിന്റെ പിടിയിലായത്. വടകര എക്സൈസ് റേഞ്ച് ഓഫിസിലെ പ്രിവന്റിവ് ഓഫിസർ ടി.ജെ. രഞ്ജിത്ത് സിവിൽ എക്സൈസ് ഓഫിസർമാരായ പി. വിജേഷ്, എം.പി. വിനീത്, കെ. സിനീഷ്, ഇ.എം. മുസ്ബിൻ എന്നിവർ പരിശോധനയിൽ പങ്കെടുത്തു.

