വടകരയിൽ നിർത്താതെ കൂകിപ്പാഞ്ഞ് തീവണ്ടികൾ
text_fieldsവടകര റെയിൽവേ സ്റ്റേഷൻ
വടകര: അമൃത് ഭാരത് പദ്ധതിയിലുൾപ്പെടുത്തി വികസനം യാഥാർഥ്യമാക്കിയ വടകര റെയിൽവേ സ്റ്റേഷനിൽ നിർത്താതെ കൂകിപ്പായുന്നത് 15 ട്രെയിനുകൾ. യാത്രാക്ലേശത്തിൽ പൊറുതിമുട്ടുന്ന യാത്രക്കാർക്ക് വാഗ്ദാനപ്പെരുമഴയുമായി റെയിൽവേ സ്റ്റേഷൻ 22 കോടി രൂപ ചെലവിൽ നവീകരിച്ചെങ്കിലും വടകര സ്റ്റേഷനിൽ പുതുതായി ട്രെയിനുകൾക്ക് സ്റ്റോപ്പനുവദിക്കാൻ റെയിൽവേയുടെ ഭാഗത്തുനിന്നും ഒരു നടപടിയുമുണ്ടായിട്ടില്ല.
വരുമാനത്തിൽ മലബാറിലെ റെയിൽവേ സ്റ്റേഷനുകളിൽ വടകരയുടെ സ്ഥാനം മികച്ചതാണെന്ന് റെയിൽവേ തന്നെ അവകാശപ്പെടുമ്പോഴാണ് 15 ഓളം ട്രെയിനുകൾ വടകരയിൽ നിർത്താതെ കടന്നുപോകുന്നത്. ട്രെയിൻ യാത്രക്കാരുടെ എണ്ണത്തിൽ അടുത്തകാലത്തായി വൻ കുതിച്ചുചാട്ടമാണ് വടകര റെയിൽവേ സ്റ്റേഷൻ വഴി ഉണ്ടായിട്ടുള്ളത്. ഇതിന്റെ അടിസ്ഥാനത്തിലാണ് രാജ്യത്തെ മറ്റ് റെയിൽവേ സ്റ്റേഷനുകൾക്കൊപ്പം വടകര റെയിൽവേ സ്റ്റേഷൻ വികസനത്തിന് ഫണ്ടനുവദിച്ചത്. എന്നാൽ, ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കുന്ന കാര്യത്തിൽ റെയിൽവേയുടെ ഭാഗത്തുനിന്നും നടപടിയുണ്ടാവാത്തതിനാൽ യാത്രാ ക്ലേശം രൂക്ഷമാണ്.
ആധുനിക രീതിയിലെ 710 മീറ്റർ നീളത്തിലുള്ള മൂന്ന് പ്ലാറ്റ് ഫോം വടകരയുടെ മാത്രം പ്രത്യേകതയാണ്. പ്ലാറ്റ് ഫോമിന്റെ ഉയരം കൂട്ടി യാത്രക്കാർക്ക് യഥേഷ്ടം സൗകര്യപ്രദമായി കയറാനുമിറങ്ങാനുമുള്ള സൗകര്യം നേരത്തെ തന്നെ വടകരയിൽ പൂർത്തിയാക്കിയിരുന്നു.
അമൃത് പദ്ധതിയിൽ 8582 സ്ക്വയർ മീറ്റർ പാർക്കിങ്, ഇരിപ്പിടങ്ങൾ, ഒരറ്റം മുതൽ മറ്റേയറ്റം വരെയുള്ള വൈദ്യുതി വിളക്കുകളും ഫാനുകളും, സി.സി.ടി.വി കാമറകൾ, കോച്ച് പൊസിഷൻ ഡിസ്പ്ലേ ബോർഡുകൾ, നിരന്തരമുള്ള അനൗൺസ്മെന്റുകൾ, സ്റ്റേഷൻ കവാടത്തിൽ യാത്രക്കാർക്ക് സൗകര്യപ്രദമായ രീതിയിലുള്ള വണ്ടികളുടെ സമയക്രമങ്ങൾ, വണ്ടികൾ വരുന്ന പ്ലാറ്റ്ഫോമുകൾ, പ്ലാറ്റ്ഫോം നമ്പറുകൾ ഇവയെല്ലാം സ്റ്റേഷനിൽ സജ്ജീകരിച്ചിട്ടുണ്ടെങ്കിലും യാത്രക്കാർ വടകര റെയിൽവേ സ്റ്റേഷനിൽ കൂകിപ്പായുന്ന തീവണ്ടികൾ നോക്കിയിരിക്കാൻ വിധിക്കപ്പെട്ടിരിക്കുകയാണ്.
വടകരയിൽ നിർത്താത്ത ട്രെയിനുകൾ
- കൊച്ചുവേളി -ഭാവ്നഗർ ടെർമിനൽ
- എറണാകുളം -അജ്മീർ
- തിരുവനന്തപുരം -ഗംഗാനഗർ
- തിരുവനന്തപുരം -വരാവെൽ
- കൊച്ചുവേളി -അന്ത്യോദയ
- ബംഗളൂരു സെൻട്രൽ -പോണ്ടിച്ചേരി
- കൊച്ചുവേളി -ലോകമാന്യതിലക്
- എറണാകുളം -പുണെ
- ഗോവ -എറണാകുളം
- കൊച്ചുവേളി -ചണ്ഡീഗഢ്
- ദാദർ സെൻട്രൽ -തിരുനെൽവേലി
- എറണാകുളം -പുണെ
- തിരുവനന്തപുരം സെൻട്രൽ -നിസാമുദ്ദീൻ
- എറണാകുളം -നിസാമുദ്ദീൻ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

