
തിരുവഞ്ചൂരിന് വധഭീഷണി: ടി.പി വധക്കേസിൽ ശിക്ഷിക്കപ്പെട്ട പ്രതികളെ അന്വേഷണ പരിധിയിൽ കൊണ്ടുവരണം – കെ.കെ. രമ
text_fieldsവടകര (കോഴിക്കോട്): മുൻ ആഭ്യന്തര മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എക്ക് നേരെ ഉയർന്ന വധഭീഷണി ഗൗരവതരമാണെന്നും ടി.പി വധക്കേസിൽ ശിക്ഷിക്കപ്പെട്ട പ്രതികളെ അന്വേഷണ പരിധിയിൽ കൊണ്ടുവരണമെന്നും കെ.കെ. രമ എം.എൽ.എ. അദ്ദേഹം ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്തിരുന്ന കാലത്ത് നിയമനടപടികൾക്ക് വിധേയരായ ക്രിമിനൽ സംഘങ്ങളാണ് ഭീഷണിക്ക് പിന്നിലെന്നാണ് ന്യായമായും സംശയിക്കേണ്ടത്.
ടി.പി വധക്കേസ് കുറ്റവാളികൾ ജയിലിൽ നിന്ന് ഫോൺ വഴിയും, പരോളിലിറങ്ങി നേരിട്ടും ക്രിമിനൽ ക്വട്ടേഷനുകൾ നിർബാധം ഏറ്റെടുത്തുകൊണ്ടിരിക്കുന്നുവെന്ന ഞെട്ടിപ്പിക്കുന്ന വാർത്തകൾ തെളിവുസഹിതം പുറത്തുവന്നുകൊണ്ടിരിക്കെ ഉയർന്നിരിക്കുന്ന വധഭീഷണി കേവലമൊരു ഊമക്കത്തെന്ന നിലയിൽ നിസ്സാരമായി അവഗണിക്കാവുന്നതല്ല.
മുതിർന്ന നേതാക്കൾക്കെതിരെ പോലും തിരിയാവുന്ന നിലയിലേക്ക് കേരളത്തിലെ ക്വട്ടേഷൻ ക്രിമിനലിസം വളർന്നിരിക്കുന്നുവെന്നത് അതീവഗുരുതരമാണ്. വധഭീഷണിക്ക് പിന്നിലെ ശക്തികളെ കണ്ടെത്താൻ നിഷ്പക്ഷവും കാര്യക്ഷമമായ അന്വേഷണം നടത്തണമെന്ന് കെ.കെ. രമ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
