പരിഭ്രാന്തി പടർത്തിയ കാട്ടുപന്നിയെ വെടിവെച്ചുകൊന്നു
text_fieldsവടകര: അഴിയൂർ കുഞ്ഞിപ്പള്ളിയിൽ പരിഭ്രാന്തി പടർത്തിയ കാട്ടുപന്നിയെ വെടിവെച്ചുകൊന്നു. ദേശീയപാതയോരത്തെ വീടുകളിലെ കാർഷിക വിളകൾ നശിപ്പിച്ചിരുന്ന പന്നി നാട്ടുകാരെ ഭീതിയിലാഴ്ത്തിയിരുന്നു. കഴിഞ്ഞ ദിവസം ദേശീയപാതയിൽ കാറിടിച്ച് പന്നിക്ക് പരിക്കേറ്റതോടെ സമീപത്തെ കുറ്റിക്കാട്ടിൽ ഒളിക്കുകയുണ്ടായി.
പന്നിയെ ഇടിച്ചതോടെ കാറിന് കേടുപാട് സംഭവിച്ചു. ശനിയാഴ്ച രാവിലെ പത്തരയോടെ കായക്കൊടിയിൽനിന്ന് എത്തിയ വനംവകുപ്പ് എംപാനൽ ഷൂട്ടർമാരായ കെ. അശോകൻ, എൻ. വിനോദൻ എന്നിവരുടെ നേതൃത്വത്തിൽ വെടിവെച്ചുകൊന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആയിഷ ഉമർ, മെംബർമാരായ സി.എം. സജീവൻ, സാലിം പുനത്തിൽ എന്നിവരുടെ സാന്നിധ്യത്തിലാണ് കാട്ടുപന്നിയെ വെടിവെച്ചുകൊന്നത്.

