ചോറോട് ഇത്തവണ മത്സരം പൊടിപാറും
text_fieldsവടകര: കഴിഞ്ഞതവണ കൈയെത്തും ദൂരത്തുനിന്ന് നഷ്ടപ്പെട്ട ചോറോട് ഗ്രാമപഞ്ചായത്ത് ഭരണം എൽ.ഡി.എഫിൽനിന്ന് പിടിച്ചെടുക്കാൻ യു.ഡി.എഫ്- ആർ.എം.പി ജനകീയ മുന്നണി കടുത്ത പോരാട്ടത്തിലാണ്. ആർ.എം.പി.ഐയുടെ പിറവിക്കുശേഷം മേഖലയിൽ ഒഞ്ചിയം, അഴിയൂർ, ഏറാമല ഗ്രാമപഞ്ചായത്തുകളിൽ ജനകീയ മുന്നണി കഴിഞ്ഞ തവണ അധികാരത്തിലേറിയെങ്കിലും ചോറോട് മാത്രമാണ് നഷ്ടമായത്.
ചോറോട് കഴിഞ്ഞ തവണ മൂന്ന് വാർഡുകളിൽ നേരിയ വോട്ടുകൾക്കാണ് ജനകീയ മുന്നണി സ്ഥാനാർഥികൾ തോറ്റത്. തോറ്റവരാകട്ടെ അപരർ നേടിയ വോട്ടുകളിലൂടെയാണ്. 20ാം വാർഡിൽ യൂത്ത് കോൺഗ്രസ് നേതാവ് സി. നിജിൻ മാസ്റ്റർ 20 വോട്ടുകൾക്കാണ് പരാജയപ്പെട്ടത്. ഈ വാർഡിൽ അപരനായ നിജിൻ മാസ്റ്റർ നേടിയത് 73 വോട്ടുകളാണ്. 16ാം വാർഡിൽ കോൺഗ്രസിലെ കെ.ജി. രാഗേഷ് നാല് വോട്ടിനാണ് തോറ്റത്. ചേന്ദമംഗലം വാർഡിൽ കോൺഗ്രസിലെ പ്രേമൻ തോറ്റത് 18 വോട്ടുകൾക്കാണ്. കഴിഞ്ഞ തവണ നേരിയ വോട്ടുകൾക്ക് കൈവിട്ട വാർഡുകൾ പിടിച്ചെടുത്താൽ വിജയം കൈപ്പിടിയിലൊതുക്കാമെന്നാണ് ജനകീയ മുന്നണി വിശ്വാസം.
വാർഡ് വിഭജനം യു.ഡി.എഫിനെ ഭയപ്പെടുത്തുന്നുണ്ട്. എൽ.ഡി.എഫിന് അനുകൂലമായാണ് വാർഡുകൾ പലതും വെട്ടിമാറ്റിയതെന്ന് യു.ഡി.എഫ് തെരഞ്ഞെടുപ്പിന്റെ തുടക്കം മുതലേ പരാതി ഉയർത്തിയിരുന്നു. എന്നിരുന്നാലും പുതിയ വോട്ടർമാരിലാണ് ജനകീയ മുന്നണിയുടെ പ്രതീക്ഷ. കഴിഞ്ഞ തവണയുള്ള 21 വാർഡുകളിൽ സി.പി.എം-10, ആർ.ജെ.ഡി- 2, കോൺഗ്രസ്-3, ലീഗ്-3, ആർ.എം.പി-2, ബി .ജെ.പി-1 എന്നിങ്ങനെയാണ് കക്ഷിനില.
ഇത്തവണ 2 വാർഡുകൾ വർധിച്ച് 23 ആയിട്ടുണ്ട്. ഗ്രാമപഞ്ചായത്തിലെ അഞ്ച് വാർഡുകളിലെ മത്സരഫലം ആര് ഭരിക്കുമെന്ന് വിലയിരുത്തപ്പെടും. എൽ.ഡി.എഫ് ഇത്തവണ ഭരണനേട്ടങ്ങൾ നിരത്തിയാണ് വോട്ടർമാരെ സമീപിക്കുന്നത്. വോട്ടർമാർ കൈവിടില്ലെന്നും ഭരണത്തുടർച്ച ഉറപ്പാണെന്നുമാണ് എൽ.ഡി.എഫ് വിശ്വാസം. പ്രചാരണത്തിൽ ഇരുമുന്നണികളും അവസാനലാപ്പിലാണ്. സ്ഥാനാർഥി പര്യടനവും ഗൃഹസമ്പർക്കവും ഇന്നത്തോടെ പൂർത്തിയാവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

