അസൗകര്യങ്ങളിൽ വീർപ്പുമുട്ടി വടകര സബ് ജയിൽ; പുതുപ്പണത്തെ ജയിൽ നിർമാണം ഇഴയുന്നു
text_fieldsവടകര: അടിസ്ഥാന സൗകര്യങ്ങളില്ലാതെ വടകര സബ് ജയിൽ വീർപ്പുമുട്ടുന്നു. പുതിയ ജയിൽ നിർമാണം ഇഴയുന്നു. ബ്രിട്ടീഷുകാരുടെ കാലത്ത് പണിത ജയിലിനകത്ത് സൗകര്യങ്ങളില്ലാതെ ജയിൽ പുള്ളികൾ വീർപ്പുമുട്ടുകയാണ്.
പുതുപ്പണത്ത് പുതിയ ജയിൽ നിർമാണത്തിന് അനുമതി ലഭിച്ച് പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചതിനാൽ നിലവിലെ ജയിലിന്റെ സുരക്ഷ സംവിധാനങ്ങൾ വർധിപ്പിക്കാൻ കഴിയാത്ത സാഹചര്യമാണുള്ളത്. നേരത്തേ നിരവധി പ്രതികൾ സബ് ജയിലിൽ നിന്നും ചാടിപ്പോയിരുന്നു.14 പേരെ പാർപ്പിക്കാവുന്ന സെല്ലുകളിൽ പലപ്പോഴും ഇരുപതോളം പേരെയാണ് താമസിപ്പിക്കുന്നത്.
എൻ.ഡി.പി.എസ്. കോടതി വടകരയിലായതിനാൽ റിമാൻഡ് പ്രതികളെ കൊണ്ട് ജയിൽ നിറയുന്ന സാഹചര്യമാണുള്ളത്. ഇറിഗേഷൻ വകുപ്പ് ജയിൽ വകുപ്പിന് കൈമാറിയ പുതുപ്പണം ജില്ല പൊലീസ് മേധാവി കാര്യാലയത്തിന് സമീപത്തെ 60 സെന്റിലാണ് പുതിയ റൂറൽ ജില്ല ജയിൽ സ്ഥാപിക്കുന്നത്. 18 കോടി രൂപ ചെലവിൽ നിർമിക്കുന്ന ജയിലിന്റെ ചുറ്റുമതിലും പ്രധാന കവാടവും ഉൾപ്പെടുന്ന 2.35 കോടി രൂപയുടെ നിർമാണമാണ് ആദ്യഘട്ടത്തിൽ പൂർത്തിയാക്കുന്നത്. എന്നാൽ പ്രവൃത്തി എങ്ങുമെത്തിയിട്ടില്ല. 223 അന്തേവാസികളെ താമസിപ്പിക്കാനുള്ള സൗകര്യവും മിനിസ്റ്റീരിയൽ സ്റ്റാഫ്, 150ഓളം ജയിൽ ജീവനക്കാർ ഉൾപ്പെടെയുള്ളവർക്ക് കൃത്യനിർവഹണത്തിനുള്ള സൗകര്യവും റൂറൽ ജില്ല ജയിലിലുണ്ടാകും.
ലഹരിക്കേസിൽ ശിക്ഷയനുഭവിക്കുന്നവരെ പാർപ്പിക്കുന്നതിന് പ്രത്യേക സംവിധാനങ്ങളുമുണ്ടാകുന്ന തരത്തിലാണ് പുതിയത് നിർമിക്കുന്നതെങ്കിലും എവിടെയും എത്തിയിട്ടില്ല.
വഴിയടഞ്ഞ് സബ് ജയിൽ
വടകര: വടകര സബ് ജയിൽ അഭിമുഖീകരിക്കുന്ന മറ്റൊരു പ്രധാന പ്രശ്നമാണ് ജയിലിലേക്ക് കയറുന്ന വഴിയിലെ അനധികൃത പാർക്കിങ്. അടിയന്തര ഘട്ടത്തിൽ ജയിലിലെ പ്രതികളെ ആശുപത്രിയിലേക്കും കോടതിയിലേക്കും കൊണ്ടുപോകാൻ ജയിൽ അധികൃതർ ബുദ്ധിമുട്ടുന്ന അവസ്ഥയാണുളളത്. ജയിലിൽ ആംബുലൻസ് നിലവിലുള്ളതിനാൽ പലപ്പോഴും പുറത്തേക്ക് പോകേണ്ടിവരും. എന്നാൽ പ്രധാന കവാടത്തിൽ മുന്നറിയിപ്പുകൾ അവഗണിച്ച് അനധികൃത പാർക്കിങ് നടത്തുന്നത് പ്രശ്നങ്ങൾക്കിടയാക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

