കുടിവെള്ള ക്ഷാമം രൂക്ഷം; ചോറോട് കുടിവെള്ളത്തിനായി നെട്ടോട്ടം
text_fieldsവടകര: ചോറോട് ഗ്രാമപഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ കുടിവെള്ള ക്ഷാമം രൂക്ഷം. വെള്ളം ലഭിക്കാതായതോടെ പ്രാദേശിക കുടിവെള്ള പദ്ധതികൾ പലതും അവതാളത്തിലായി. കിണറുകളിൽ വെള്ളം ക്രമാതീതമായി താഴ്ന്നതോടെ ചില ദിവസങ്ങളിലാണ് കുടിവെള്ള പദ്ധതികളിൽ നിന്ന് വെള്ളം ലഭിക്കുന്നത്.
കുടിവെള്ള പദ്ധതികൾ പലതും പ്രവർത്തിക്കുന്നത് കനാലിലെ വെള്ളത്തെ ആശ്രയിച്ചാണ്. കനാൽ തുറക്കുന്നത് ഇത്തവണ വൈകിയത് കിണറുകളിൽനിന്നും ആവശ്യത്തിന് വെള്ളം ലഭിക്കാതായി. മുമ്പ് കനാൽ ഫെബ്രുവരി അവസാനവാരം തുറക്കുക പതിവായിരുന്നു.
കനാലിന്റെ ഭൂരിഭാഗം സ്ഥലത്തും കോൺക്രീറ്റ് ചെയ്തതിനാൽ കനാലിൽ വെള്ളം തുറന്നാലും ദിവസങ്ങൾ കഴിഞ്ഞിട്ടും തൊട്ടടുത്ത കിണറുകളിൽ പോലും വെള്ളം ലഭിക്കാത്ത അവസ്ഥയാണ്. കുടിവെള്ളം ലഭിക്കുമെന്ന പ്രതീക്ഷയിൽ കനാലുകൾ ജനകീയ കൂട്ടായ്മയിൽ ശുചീകരണം നടത്തിയെങ്കിലും നിരാശയായിരുന്നു ഫലം.
പാഞ്ചേരിക്കുന്ന്, മലോൽമുക്ക് കണിയാംകുന്ന് വൈക്കിലശ്ശേരിയിലെ കണ്ണാശ്ശേരികുന്ന്, മൊട്ടന്തറക്കുന്ന്, അങ്ങാടി മല, കുരിക്കിലാട്, ചേന്ദമംഗലത്തെ ആന്തിക്കുന്ന്, വള്ളിക്കാട് കോമള്ളികുന്ന് എന്നിവിടങ്ങളിലാണ് കുടിവെള്ള ക്ഷാമം രൂക്ഷം. 70 കുടുംബങ്ങൾക്ക് വെള്ളമെത്തിക്കുന്ന പാഞ്ചേരികുന്ന് പദ്ധതി മൂന്ന് ദിവസത്തിലൊരിക്കലാണ് പമ്പിങ് നടത്തുന്നത്.
നാല് ഭാഗങ്ങളായി തിരിച്ചാണ് വെള്ളം വിതരണം. ആഴ്ചയിൽ ഒരു തവണ പോലും വീട്ടുകാർക്ക് വെള്ളം ലഭിക്കുന്നില്ല. സന്നദ്ധ സംഘടനകളാണ് മേഖലയിൽ ആശ്വാസം. ജി.പി.എസ് ഘടിപ്പിച്ച ഒരു വാഹനമാണ് കലക്ടർ അനുവദിച്ചത്. ഇത് രണ്ടോ മൂന്നോ വാർഡുകളിൽ മാത്രമാണ് ഒരു ദിവസമെത്തുന്നത്.