കടൽഭിത്തി നിർമാണം; ടെൻഡർ നടപടി പൂർത്തിയായി
text_fieldsവടകര: രൂക്ഷമായ കടൽക്ഷോഭം അനുഭവിക്കുന്ന തീരമേഖലക്ക് ആശ്വാസമായി കടൽഭിത്തി നിർമാണത്തിന് ടെൻഡർ നടപടികൾ പൂർത്തിയായി. മുകച്ചേരി ഭാഗം ആനാടിക്കൽ ബീച്ച് മുതൽ 575 മീറ്റർ ദൂര പരിധിയിൽ കടൽ ഭിത്തി നിർമാണത്തിനുള്ള ടെൻഡർ നടപടികളാണ് പൂർത്തിയായത്.
കണ്ണൂരിലെ സ്വകാര്യ വ്യക്തിയാണ് കരാർ ഏറ്റെടുത്തത്. നാലു കോടി 97 ലക്ഷം രൂപയാണ് എസ്റ്റിമേറ്റ്. നാലു വർഷം മുമ്പാണ് ആനാടിക്കൽ ബീച്ച് മുതൽ ചുങ്കം കടപ്പുറം വരെ 870 മീറ്റർ ദൂര പരിധിയിലുള്ള പദ്ധതിയുടെ എസ്റ്റിമേറ്റ് തയാറാക്കിയത്.
എ.എസ് ലഭിച്ച ഈ പ്രവൃത്തിക്ക് ജി.എസ്.ടി അടക്കമുള്ള ചാർജുകൾ വന്നതോടെ കരാറെടുക്കാൻ ആളില്ലാത്ത അവസ്ഥയായിരുന്നു. ഇപ്പോൾ ദൂരപരിധി 575 മീറ്ററാക്കി കുറച്ചാണ് ടെൻഡർ നടപടികൾ പൂർത്തിയായത്.
രൂക്ഷമായ കടലാക്രമണ ഭീഷണി നേരിടുന്ന തണൽ അഗതി മന്ദിരം ഉൾപ്പെടെയുള്ളവ ചുങ്കം ഭാഗം ഒഴിവാക്കിയാണ് നടപടികൾ പൂർത്തീകരിച്ചത്. ഈ ഭാഗങ്ങളിൽ പുതുതായി ഫണ്ട് അനുവദിച്ചാൽ മാത്രമേ ചുങ്കം വരെയുള്ള ഭിത്തി നിർമാണം പൂർത്തീകരിക്കാൻ കഴിയൂ. കാലവർഷം കനക്കുമ്പോൾ നിരവധി കുടുംബങ്ങളാണ് തീരദേശ മേഖലയിൽ ഭീതിയോടെ കഴിയുന്നത്.
ദുരിത കാലത്ത് വാഗ്ദാനങ്ങളുടെ പെരുമഴയാണെങ്കിലും പിന്നീട് എല്ലാം പഴയപടിയാവുകയാണ് പതിവ്. കടൽ ഭിത്തി തകർച്ച 2015ൽ മുഖ്യമന്ത്രിയുടെ ജനസമ്പർക്ക പരിപാടിയിലടക്കം ഉന്നയിക്കപ്പെട്ടിരുന്നു. എട്ട് വർഷത്തിന് ശേഷമാണ് ഫണ്ട് അനുവദിച്ച് നടപടിക്രമങ്ങൾ പൂർത്തിയാക്കി ടെൻഡർ നടപടികൾ പൂർത്തീകരിച്ചത്. പ്രവൃത്തി ആരംഭിച്ച് മൂന്ന് മാസത്തിനകം പൂർത്തീകരിക്കുകയാണ് ലക്ഷ്യം.