സാൻഡ് ബാങ്ക്സിൽ തീരം കടലെടുത്തത് അപകടഭീഷണി
text_fieldsസാൻഡ് ബാങ്ക്സിൽ കടലെടുത്ത തീരം
വടകര: സാൻഡ് ബാങ്ക്സ് വിനോദസഞ്ചാര കേന്ദ്രത്തിൽ അപകടഭീഷണി ഉയർത്തി തീരം കടലെടുത്തു. 150 മീറ്ററിലധികം വരുന്ന കടലോരത്തെ മണൽ പൂർണമായും കടലിലേക്ക് ഒഴുകിപ്പായി. പുലിമുട്ടിനോട് ചേർന്ന ഭാഗത്തെ തീരമാണ് കടലെടുത്തത്.
കര സംരക്ഷിക്കുന്നതിന്റെ ഭാഗമായി കൂറ്റൻ കരിങ്കല്ലുകൾ നിരത്തി ഈ ഭാഗത്ത് സംരക്ഷണ ഭിത്തി ഒരുക്കിയിരുന്നു. ഇതിൽ വർഷങ്ങളായി മണലടിഞ്ഞ് പുറത്തുനിന്ന് കാണാൻ പറ്റാത്ത തരത്തിലായിരുന്നു ഉണ്ടായിരുന്നത്. സാൻഡ് ബാങ്ക്സിലെത്തുന്നവർ മണലടിഞ്ഞ കരിങ്കല്ലുകൾക്ക് മുകളിലൂടെ നടന്നായിരുന്നു കടൽക്കാഴ്ചകൾ കണ്ടിരുന്നത്. മണൽ പൂർണമായും കടലിലേക്ക് ഒഴുകിപ്പോയതോടെ പുതുതായി കടൽ ഭിത്തി നിർമിച്ച പ്രതീതിയാണ് കടലോരത്തുള്ളത്. സാൻഡ് ബാങ്ക്സിലെത്തുന്നവർ ഇടിഞ്ഞുവീഴുന്ന കടൽഭിത്തികളിൽ വീഴാതിരിക്കാൻ അധികൃതർ കയർ കെട്ടി വേർതിരിച്ചിട്ടുണ്ട്. കൂടാതെ ഈ ഭാഗത്ത് ലൈഫ് ഗാർഡിന്റെ നിരീക്ഷണവും ഏർപ്പെടുത്തിയിട്ടുണ്ട്.
കടലും പുഴയും ചേരുന്ന സാൻഡ് ബാങ്ക്സ് കാഴ്ചക്കാർക്ക് പറുദീസയാണെങ്കിലും ഒളിഞ്ഞിരിക്കുന്ന അപകടക്കുരുക്ക് പലരുടെയും ജീവനെടുത്തിട്ടുണ്ട്. ഒഴുകിപ്പോയ മണൽ തിരികെ എത്തിയാലേ കടലോരം പൂർവസ്ഥിതിയിലാവൂ. കടലെടുത്ത മണൽ തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് നാട്ടുകാർ പറഞ്ഞു.
പുലിമുട്ടിന്റെ നീളം വർധിപ്പിച്ച് കടലോരം സംരക്ഷിക്കണമെന്ന ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. എന്നാൽ, നടപടി ഫയലുകളിൽ ഉറങ്ങുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

