പൂവാടൻ ഗേറ്റ് റെയിൽവേ അടിപാത: ഇഴയുന്ന പ്രവൃത്തി, ദുരിതത്തിനറുതിയില്ല
text_fieldsപൂവാടൻ ഗേറ്റ് അടിപ്പാതക്കായി നിർമിച്ച കുഴിയിൽ വെള്ളം നിറഞ്ഞ നിലയിൽ
വടകര: പൂവാടൻ ഗേറ്റ് റെയിൽവേ അടിപാത നിർമാണം ഇഴയുന്നു, ദുരിതത്തിനറുതിയില്ല. സഞ്ചാര സ്വാതന്ത്ര്യം ഇല്ലാതാക്കിയുള്ള പ്രവൃത്തി എന്ന് തീരുമെന്ന് ഒരു നിശ്ചയവുമില്ല. അടിപാത നിർമാണം പല കാരണങ്ങൾ പറഞ്ഞാണ് ഇഴഞ്ഞുനീങ്ങുന്നത്. നിലവിൽ ഫണ്ട് ലഭ്യത കുറവ് ചൂണ്ടിക്കാട്ടി പ്രവൃത്തി നിലക്കുമ്പോൾ ഒരു പ്രദേശം മുഴുവൻ ഒറ്റപ്പെട്ടിരിക്കുകയാണ്. വിഷയത്തിൽ റെയിൽവേ ഓഫിസർമാരുമായി നാട്ടുകാർ ചർച്ച നടത്തിയെങ്കിലും പരിഹാരമാകുന്നില്ല. നേരത്തെ, സുഖമായി സഞ്ചരിക്കാൻ സാധിക്കുന്ന സമയത്തായിരുന്നു റെയിൽവേ സ്വമേധയ ഗേറ്റ് പൂട്ടി അടിപ്പാത പണിയാന്‍ നിശ്ചയിച്ചത്. 2021 മാര്‍ച്ച് 31ന് ഗേറ്റ് അടച്ചിടുകയും തുടക്കത്തിൽ പേരിന് പ്രവൃത്തി നടത്തുകയും ചെയ്തു. ഒരു വർഷം അവസാനിക്കാനിരിക്കെയാണ് നിലച്ച പണി പുനരാരംഭിച്ചത്. അപ്പോഴേക്കും കുഴിയിൽ വെള്ളം ഉയർന്നത് തിരിച്ചടിയായി.
ഗേറ്റ് അടച്ചതിനാല്‍ ആവിക്കല്‍, കുരിയാടി, കസ്റ്റംസ് റോഡ് ഭാഗത്തുള്ളവര്‍ ഏറെ ദൂരം താണ്ടിയാണ് വടകര നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ എത്തുന്നത്. രണ്ടു വര്‍ഷത്തിലധികമായി നാട്ടുകാർ യാത്ര ദുരിതത്തിലാണ്. മേഖലയിലെ ആശുപത്രിയിലേക്കും വിദ്യാലയത്തിലേക്കും ജോലി സ്ഥലങ്ങളിലേക്കും ആരാധനാലയങ്ങളിലേക്കും മറ്റും സുഗമമായി എത്താനാവുന്നില്ല.
അടിപ്പാത പണിയാന്‍ ഗേറ്റ് അടച്ചതോടെ ഉണ്ടായ ഈ ദുരിതത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് നിരവധി പരാതികളാണ് നൽകിയത്. കഴിഞ്ഞ ദിവസം പെയ്ത വേനൽ മഴയിൽ നിർമാണത്തിന് എടുത്ത കുഴിയിൽ വെള്ളം നിറഞ്ഞിട്ടുണ്ട്. ഇത്തവണയും പ്രവൃത്തി നീണ്ടുപോകുമെന്ന ആശങ്കയിലാണ് നാട്ടുകാർ.