റിസ്ക് എടുക്കാൻ വയ്യ; വടകര ജില്ല ആശുപത്രിയിൽനിന്ന് രോഗികളെ കൂട്ടത്തോടെ റഫർ ചെയ്യുന്നു
text_fieldsവടകര: റിസ്ക് എടുക്കാൻ വയ്യ വേണമെങ്കിൽ മെഡിക്കൽ കോളജിലേക്കോ സ്വകാര്യ ആശുപത്രിയിലേക്കോ പോകാം വടകര ഗവ. ജില്ല ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിൽ രാത്രിയെത്തുന്ന രോഗികളോട് യുവ ഡോക്ടർമാർ പറയുന്ന വാക്കുകളാണിത്. ജില്ല ആശുപത്രി നിലവാരത്തിലേക്കുയർത്തിയ വടകര ഗവ. ആശുപത്രിയിൽ രാത്രിയെത്തുന്ന രോഗികളുടെ ദുരിതം വിവരണാതീതമാണ്.
നാദാപുരം, കുറ്റ്യാടി ആശുപത്രികളിൽ നിന്നടക്കം പ്രത്യേക സാഹചര്യത്തിൽ വടകരയിലേക്കാണ് രോഗികളെ റഫർ ചെയ്യുന്നത്. മലയോര മേഖലയിൽ നിന്നടക്കം കിലോമീറ്റർ സഞ്ചരിച്ച് വടകരയിലെത്തിയാൽ നേരെ കോഴിക്കോടേക്കോ, സ്വകാര്യ ആശുപത്രികളിലേക്കോ രോഗികളെ പറഞ്ഞയക്കുകയാണ് പതിവ്.
രാത്രിയെത്തുന്ന രോഗികൾക്ക് സ്പെഷലിസ്റ്റ് ഡോക്ടറെ കാണിക്കേണ്ട സാഹചര്യം പലപ്പോഴും ഉണ്ടാകാറുണ്ട്. അത്യാഹിത വിഭാഗത്തിൽ നിരീക്ഷണത്തിൽ വെക്കുന്ന രോഗികൾക്ക് വേദന സംഹാരിയും മറ്റും നൽകി അർധരാത്രിയായോടെ മെഡിക്കൽ കോളജിലേക്കോ സ്വകാര്യ ആശുപത്രിയിലേക്കോ പോകാനുള്ള ഡോക്ടറുടെ കൽപനയെത്തും.
കിലോമീറ്ററുകൾ താണ്ടിയെത്തുന്ന രോഗികളെ രാവിലെ സ്പെഷലിസ്റ്റ് ഡോക്ടറെ കാണാൻ അഡ്മിറ്റ് ചെയ്യാൻ ഡ്യൂട്ടി ഡോക്ടർമാർ കൂട്ടാക്കാറില്ല. ഡിസ്ചാർജ് ചെയ്യുന്ന രോഗികൾ സ്വകാര്യ ആശുപത്രികളുടെ അത്യാഹിത വിഭാഗത്തിൽ രാവിലെവരെ കഴിച്ച് കൂട്ടി സ്പെഷലിസ്റ്റ് ഡോക്ടർമാരെ കണ്ട് മടങ്ങുന്ന കാഴ്ചയാണുള്ളത്. നിർദ്ദരരായ രോഗികൾക്ക് കടുത്ത സാമ്പത്തിക ബാധ്യതയാണ് വരുത്തിവെക്കുന്നത്.
രാത്രിയിൽ വടകര ജില്ല ആശുപത്രിയിൽനിന്നും റഫർ ചെയ്യുന്ന രോഗികളുടെ എണ്ണം വളരെ കൂടുതലാണെന്ന് ആംബുലൻസ് ഡ്രൈവർമാരും സാക്ഷ്യപ്പെടുത്തുന്നു. രാത്രിയായാൽ സ്വകാര്യ ആശുപത്രികൾക്ക് ഇത് ചാകരയാണ്. ആശുപത്രിക്ക് നാഥനില്ലാത്ത സ്ഥിതിയാണ്. രണ്ടു മാസമായി സൂപ്രണ്ട് തസ്തിക ഒഴിഞ്ഞ് കിടക്കുകയാണ്. ഇ.എൻ.ഡി ഡോക്ടർക്കാണ് ചുമതല നൽകിയത്.
ഇദ്ദേഹമാകട്ടെ ഭാരിച്ച ജോലി ബാധ്യതയെ തുടർന്ന് മെഡിക്കൽ അവധിയിൽ പ്രവേശിച്ചിരിക്കുകയാണ്. ജില്ല ആശുപത്രിയായി ഉയർത്തിയെങ്കിലും ഡോക്ടർമാരുടെയും ജീവനക്കാരുടെയും എണ്ണം വർധിപ്പിക്കാൻ കഴിഞ്ഞിട്ടില്ല. 31 ഡോക്ടർമാരാണ് ആശുപത്രിയിലുള്ളത്. മൂന്ന് പേർക്ക് ക്വാഷ്വാലിറ്റി മെഡിക്കൽ ഓഫിസർ ചുമതലയുണ്ട്. കെട്ടിടങ്ങളും അടിസ്ഥാന സൗകര്യങ്ങളും ഏറെയുള്ള ആശുപത്രിയാണ് ആരോഗ്യ വകുപ്പിന്‍റെ കെടുകാര്യസ്ഥതയിൽ വീർപ്പുമുട്ടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

