പാസഞ്ചർ ട്രെയിനുകൾ എക്സ്പ്രസുകളായി ഓടുന്നു ചെറുസ്റ്റേഷനുകൾ നോക്കുകുത്തി
text_fieldsനാദാപുരം റോഡ് റെയിൽവേ സ്റ്റേഷൻ
വടകര: കോവിഡ് പ്രതിസന്ധിയിൽ പാസഞ്ചർ ട്രെയിനുകൾ എക്സ്പ്രസ് വണ്ടികളായി ഓടിക്കുന്നത് ഇപ്പോഴും തുടരുന്നതിനാൽ ഹാൾട്ട് സ്റ്റേഷനുകൾ നോക്കുകുത്തിയാവുന്നു.
രണ്ടു വർഷമായി ട്രെയിനുകൾ നിർത്താത്തതിനാൽ സ്റ്റേഷനുകൾ അനാഥമായി കിടക്കുകയാണ്. പല സ്റ്റേഷനുകളും ആളനക്കമില്ലാതായതോടെ തെരുവ് നായ്ക്കൾ കൈയടക്കി. റെയിൽവേ സ്റ്റേഷനുകളിൽ കാടു കയറിയ സ്ഥിതിയുമുണ്ട്.
നാദാപുരം റോഡ്, മുക്കാളി, വെള്ളയിൽ, ചേമഞ്ചേരി, വെള്ളറക്കാട്, ഇരിങ്ങൽ എന്നിവയാണ് ജില്ലയിലെ ഇത്തരം സ്റ്റേഷനുകൾ.
കണ്ണൂർ -കോയമ്പത്തൂർ (നമ്പർ 56650, 56651), മംഗളൂരു -കോയമ്പത്തൂർ (56323, 56324), തൃശൂർ -കണ്ണൂർ (56602, 56603), കോഴിക്കോട് -കണ്ണൂർ (56652, 56653) എന്നീ പാസഞ്ചർ ട്രെയിനുകളാണ് വർഷങ്ങളായി സ്റ്റേഷനുകളിൽ നിർത്തിയിരുന്നത്. ഹാൾട്ട് സ്റ്റേഷനുകളിൽ സ്വകാര്യവ്യക്തികൾ കമീഷൻ അടിസ്ഥാനത്തിലാണ് ട്രെയിൻ ടിക്കറ്റുകൾ വിറ്റിരുന്നത്.
ട്രെയിൻ ടിക്കറ്റുകളുടെ വിൽപന നിലച്ചതോടെ ഇവരുടെ സ്ഥിതിയും പരിതാപകരമാണ്. രാവിലെയും വൈകീട്ടും ഒട്ടേറെ യാത്രക്കാർ പാസഞ്ചർ വണ്ടികളിൽ കയറാൻ ഈ ഹാൾട്ട് സ്റ്റേഷൻ ഉപയോഗപ്പെടുത്തിയിരുന്നു.
വിദ്യാർഥികൾ, സർക്കാർ ജീവനക്കാർ, വ്യാപാരികൾ, വിവിധ സ്ഥാപനങ്ങളിലെ ജീവനക്കാർ എന്നിവരെല്ലാം ഇത്തരം സ്റ്റേഷനിൽ കയറാനും ഇറങ്ങാനുമുണ്ടാവും.
കോഴിക്കോട് സിവിൽ സ്റ്റേഷനിലേക്ക് പോകേണ്ട യാത്രക്കാർ വെള്ളയിൽ സ്റ്റേഷനിലിറങ്ങിയാണ് തുടർയാത്ര നടത്തുന്നത്. ഏറെ ഉപകാരപ്രദമായ പാസഞ്ചർ ട്രെയിനുകൾ ഹാൾട്ട് സ്റ്റേഷനിൽ നിർത്താൻ അധികൃതർ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമായി.