ദുരിതത്തിനറുതിയില്ല; എങ്ങുമെത്താതെ ഒ.വി.സി തോട് നവീകരണം
text_fieldsഒഴുക്ക് നിലച്ച് മാലിന്യം നിറഞ്ഞനിലയിൽ ഒ.വി.സി തോട്
വടകര: ഒ.വി.സി തോട് നവീകരണം എങ്ങുമെത്തിയില്ല, ദുരിതമൊഴിയാതെ കുടുംബങ്ങൾ. നഗരസഭയിലെ നാല് വാർഡുകളിലൂടെ മലിനജലം പേറി ഒഴുകുന്ന ഒ.വി.സി തോട് നവീകരിക്കണമെന്ന ആവശ്യം വർഷങ്ങളായുള്ളതാണ്.
ഓരോ തെരഞ്ഞെടുപ്പുകാലത്തും ഒ.വി.സി തോട് നവീകരണം നാട്ടുകാർ ഉയർത്തുമെങ്കിലും തെരഞ്ഞെടുപ്പ് കഴിയുന്നതോടെ മറക്കുകയാണ് പതിവ്. നഗര മാലിന്യവുമായി ഒഴുകുന്ന തോടിന്റെ ഇരുകരകളിലുമായി 500 ഓളം വീട്ടുകാര്‍ താമസിക്കുന്നുണ്ട്.
പഴയകാലത്ത് തെളിനീരായി ഒഴുകിയ തോട് നഗരമാലിന്യം ഒഴുകിത്തുടങ്ങിയതോടെ കുടുംബങ്ങൾക്ക് കണ്ണീരായി മാറുകയായിരുന്നു. വടകര നഗരത്തില്‍നിന്നുള്ള മാലിന്യങ്ങളൊഴുകിയെത്താന് തുടങ്ങിയതോടെ മാലിന്യം നിറഞ്ഞ് തോട്ടിലെ വെള്ളം കറുപ്പ് നിറമാവുകയും പ്രദേശത്ത് ദുര്‍ഗന്ധം വമിക്കുകയും ചെയ്തു. വേനല്‍ക്കാലത്ത് ഒഴുക്ക് നിലക്കുന്നതോടെ സ്ഥിതി രൂക്ഷമാകും.
കിണറുകളിലെ വെള്ളം ഉപയോഗിക്കാനാകാത്ത അവസ്ഥയിലുമാകും. തോട്ടിലെ ഒഴുക്ക് സുഗമമാക്കിയാലെ ശാശ്വത പരിഹാരമാവുകയുള്ളു. ഒ.വി.സി തോട് നവീകരണത്തിനായി നേരത്തേ 50 ലക്ഷം രൂപ അനുവദിച്ചിരുന്നു. കരാറുകാർ പിന്മാറിയതോടെ പ്രവൃത്തി അനിശ്ചിതത്വത്തിലായി. തോടിന്റെ ഒരു ഭാഗത്ത് 70 ലക്ഷം രൂപ ചെലവിൽ നവീകരണം നടക്കുന്നുണ്ട്. പ്രവൃത്തി പൂർണമായാലേ ദുരിതത്തിന് അറുതിയാവുകയുള്ളു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

