‘തണൽ’ ചായ കൊടുത്ത് സമാഹരിച്ചത് ഒരു കോടി
text_fieldsവടകര തണൽ താഴെ അങ്ങാടി ബീച്ചിൽ ഒരുക്കിയ ചായപ്പയറ്റിന് എത്തിയവർ
വടകര: വൃക്കരോഗികളുടെ കണ്ണീരൊപ്പാൻ ‘തണലി’നൊപ്പം ചേർന്നത് ആയിരങ്ങൾ. തണൽ വടകര താഴെയങ്ങാടി ബീച്ചിൽ ഞായറാഴ്ച ഒരുക്കിയ ചായപ്പയറ്റിൽ നാടിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് ആളുകൾ ഒഴുകിയെത്തുന്ന കാഴ്ചയായിരുന്നു. സൗജന്യമായി ഡയാലിസിസ് സംവിധാനമൊരുക്കിക്കൊണ്ടിരിക്കുന്ന വടകര തണലിന്റെ കടം തീർക്കാനായാണ് ചായപ്പയറ്റ് സംഘടിപ്പിച്ചത്. നിലവിലെ സാമ്പത്തിക ബാധ്യത ഡയാലിസിസ് തുടരുന്നത് വൃക്കരോഗികളെയും ഇതുമായി ബന്ധപ്പെട്ട പ്രവർത്തകരെയും ആശങ്കയിലാക്കിയിരുന്നു. എന്നാൽ, തണലിനൊപ്പം കൈകോർക്കാൻ ഞായറാഴ്ച വൈകീട്ട് നാലു മുതൽ ഒമ്പതു വരെ നടത്തിയ ചായപ്പയറ്റിൽ ജനങ്ങളുടെ അണമുറയാത്ത പ്രവാഹമായിരുന്നു.
60 ലക്ഷം രൂപയാണ് ചായപ്പയറ്റിലൂടെ ഞായറാഴ്ച ലഭിച്ചത്. ബാക്കി തുക പല ദിക്കിലുള്ളവർ ഓഫർ ചെയ്ത തുകയാണ്. ദിനംപ്രതി 295 വൃക്കരോഗികൾക്ക് തണലാവുന്ന തണലിന് നിലവിൽ ഒന്നര കോടിയോളം രൂപ കടബാധ്യതയുണ്ട്. ഇപ്പോൾ വടകര തണലിൽനിന്ന് ഡയാലിസിസ് ചെയ്തുകൊണ്ടിരിക്കുന്ന ആളുകൾക്ക് പുറമെ നിരവധി പേർ ഡയാലിസിസിനായി കാത്തിരിക്കുകയാണ്. 250ലധികം ഭിന്നശേഷി കുട്ടികളുടെ പഠനവും പുനരധിവാസവും പാലിയേറ്റിവ് യൂനിറ്റിന്റെ പ്രവർത്തനങ്ങളും സൈക്യാട്രിക് യൂനിറ്റിന്റെ പ്രവർത്തനങ്ങളും തുടർന്നുകൊണ്ടുപോകാൻ പണം കണ്ടെത്തേണ്ടതുണ്ട് .
ഏഴ് കോടിയിലധികം രൂപയാണ് ഒരു വർഷം ചെലവ് വരുന്നത്. ഇപ്പോൾ ലഭിച്ച തുകകൊണ്ട് കടത്തിന്റെ മുക്കാൽ ഭാഗമെങ്കിലും വീട്ടാൻ കഴിയുമെന്ന ആശ്വാസത്തിലാണ് പ്രവർത്തകർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

