ദേശീയപാത വികസനം; വൈദ്യുതിലൈൻ പ്രവൃത്തി അധ്യാപകർ തടഞ്ഞു
text_fieldsസ്കൂളിന് സമീപം സ്ഥാപിക്കുന്ന ഇലക്ട്രിക് ലൈനിന് എ.ബി.സി കേബിൾ ഉപയോഗിക്കണമെന്നാവശ്യപ്പെട്ട് പ്രവൃത്തി തടഞ്ഞ അധ്യാപകരുമായി അധികൃതർ ചർച്ച നടത്തുന്നു
വടകര: എസ്.ജി.എം.എസ്.ബി സ്കൂളിന് സമീപം ദേശീയപാത അതോറിറ്റി സ്ഥാപിക്കാൻ ശ്രമിച്ച വൈദ്യുതി ലൈൻ വർക്ക് സ്കൂളിലെ അധ്യാപകർ തടഞ്ഞു. സ്കൂളിന് സമീപം മാറ്റി സ്ഥാപിക്കുന്ന ലൈൻ എ.ബി.സി കേബിൾ ഉപയോഗിക്കണമെന്ന അപേക്ഷ സ്കൂൾ പി.ടി.എ മാസങ്ങൾക്ക് മുമ്പേ ദേശീയപാത അതോറിറ്റിക്ക് നൽകിയതാണ്.
എന്നാൽ, തിങ്കളാഴ്ച ദേശീയപാത ഉദ്യോഗസ്ഥരും ജോലിക്കാരും സ്കൂളിന് സമീപം ലൈൻ സ്ഥാപിക്കാൻ വന്നപ്പോൾ എ.ബി.സി കേബിൾ ഉപയോഗിക്കുന്നില്ലെന്ന് കണ്ട അധ്യാപകർ പ്രവൃത്തി തടയുകയായിരുന്നു. എച്ച്.ടി ലൈൻ ഉപയോഗിച്ച് പ്രവൃത്തി നടത്താനായിരുന്നു നീക്കം.
പ്രവൃത്തിയുടെ ഭാഗമായി കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിരുന്നു. പ്രവൃത്തി തടഞ്ഞതോടെ കരാർ കമ്പനി അധികൃതർ സ്ഥലത്ത് പരിശോധന നടത്തി.
സ്കൂൾ കെട്ടിടത്തിൽനിന്ന് വൈദ്യുതി ലൈനിന് കൃത്യമായ അകലം ഉണ്ടെങ്കിലും ഭാവിയിൽ ഉണ്ടാവുന്ന പ്രശ്നങ്ങൾ പരിഗണിച്ചാണ് അധ്യാപകർ പ്രവൃത്തി തടഞ്ഞത്. പ്രവൃത്തി തടഞ്ഞതോടെ ജോലിക്കാർ തിരിച്ചുപോയി.

