ഉപ്പിലാറ മലയിൽ മണ്ണെടുക്കുന്നത് നാട്ടുകാർ തടഞ്ഞു; ബി.എൽ.ഒ ഉൾപ്പെടെ രണ്ടു പേർക്ക് പരിക്ക്
text_fieldsആക്രമണത്തിൽ പരിക്കേറ്റ ബി.എൽ.ഒ സുരേന്ദ്രനും നന്ദുവും
വടകര: ദേശീയപാതക്കുവേണ്ടി ചെമ്മരത്തൂർ ഉപ്പിലാറ മലയിൽ അനുമതിയില്ലാത്ത ഭാഗത്തു നിന്നും മണ്ണെടുക്കുന്നത് നാട്ടുകാർ തടഞ്ഞു. കരാർ കമ്പനി ജീവനക്കാരുടെ ആക്രമണത്തിൽ രണ്ടുപേർക്ക് പരിക്ക്. ബഹളം കേട്ട് ഓടിയെത്തിയ സ്ഥലത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന ബി.എൽ.ഒ അടക്കമുള്ള രണ്ടു പേർക്കാണ് കരാർ കമ്പനി ജീവനക്കാരുടെ ആക്രമണത്തിൽ പരിക്കേറ്റത്. ബി.എൽ.ഒ സരോവരത്തിൽ സുരേന്ദ്രൻ (53), കിഴക്കയിൽ മീത്തൽ കെ.എം. നന്ദു(23)എന്നിവർക്കാണ് മർദനമേറ്റത്.
സുരേന്ദ്രനെ ഇരുമ്പ് പട്ടിക കൊണ്ട് വലതു കാലിന് അടിച്ചുപരിക്കേൽപിക്കുകയും നന്ദുവിനെ ഇടതു കാലിന്റെ തുടയിൽ കടിച്ചു മുറിവേൽപിക്കുകയും ചെയ്തു. ഇരുവരും വടകര ജില്ല ആശുപത്രിയിൽ ചികിത്സ തേടി. എസ്.ഐ.ആർ ഫോറം വിതരണത്തിന് സമീപത്തെ വീട്ടിലെത്തിയതായിരുന്നു സുരേന്ദ്രൻ. സ്ത്രീകളടക്കമുള്ളവരുടെ ബഹളം കേട്ട് സ്ഥലത്ത് ഓടിയെത്തിയപ്പോൾ ആക്രമിക്കുകയും കൈവശം വിതരണം ചെയ്യാൻ ബാക്കിയുള്ള എസ്.ഐ.ആർ ഫോറങ്ങൾ നശിപ്പിച്ചതായും സുരേന്ദ്രൻ പറഞ്ഞു.
നിശ്ചിത പരിധിയിലും കൂടുതൽ മണ്ണെടുത്തതുമായി ബന്ധപ്പെട്ട് നാട്ടുകാരും കമ്പനി അധികൃതരുമായി തർക്കമുണ്ടായിരുന്നു. ഈ വിഷയം പരിഹരിക്കാമെന്ന് വാഗഡ് കമ്പനി അധികൃതർ ഉറപ്പ് നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് അനുമതിയില്ലാത്ത സ്ഥലത്തുനിന്നും ലോറിയെത്തി മണ്ണെടുക്കാനുള്ള നീക്കം നാട്ടുകാർ തടഞ്ഞത്. ബി.എൽ.ഒയുടെ ഡ്യൂട്ടി തടസ്സപ്പെടുത്തി അക്രമം നടത്തിയ സംഭവത്തിൽ കമ്പനി ജീവനക്കാരന്റെ പേരിൽ വടകര പൊലീസിലും തഹസിൽദാർക്കും സുരേന്ദ്രൻ പരാതി നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

