ദേശീയപാതയിൽ മീത്തലെ മുക്കാളിയിൽ മണ്ണിടിച്ചിൽ
text_fieldsദേശീയപാതയിൽ മീത്തലെ മുക്കാളിയിൽ പാർശ്വ ബിത്തി നിർമ്മാണത്തിന് കുഴിയെടുത്തതിനെ തുടർന്ന് മണ്ണിടിഞ്ഞ് വീണ നിലയിൽ
വടകര: ദേശീയപാതയിൽ കനത്ത മഴയിൽ മീത്തലെ മുക്കാളിയിൽ പാർശ്വഭിത്തി നിർമാണം നടക്കുന്ന ഭാഗത്ത് മണ്ണിടിച്ചിൽ. കഴിഞ്ഞ വർഷം സോയിൽ നെയിലിങ് നടത്തി തകർന്ന് വീണ ഭാഗത്തിന് എതിർ ദിശയിൽ ദേശീയപാതയുടെ പടിഞ്ഞാറ് ഭാഗത്താണ് മണ്ണിടിച്ചിലുണ്ടായത്.
പാർശ്വഭിത്തി നിർമാണത്തിനായി ഉയർന്ന ഭാഗം തട്ടുകളാക്കി തിരിക്കാതെ അടിഭാഗത്ത് കുഴിയെടുത്തതാണ് മണ്ണിടിച്ചിലിനിടയാക്കിയത്. കഴിഞ്ഞ വർഷം 50 മീറ്ററോളം വരുന്ന ഭാഗം ഇടിഞ്ഞ് വീണിരുന്നു. ഇതിന്‍റെ നൂറ് മീറ്റർ മാറിയാണ് മണ്ണിടിച്ചിലുണ്ടായത്. ഈ ഭാഗത്തുകൂടെ കടന്ന് പോകുന്ന വൈദ്യുതി ലൈനടക്കം അപകട ഭീഷണിയിലാണ്. വൈദ്യുതി തൂണിന്‍റെ ഭാഗങ്ങളിൽ നിന്നടക്കം മണ്ണിടിഞ്ഞ് വീണിട്ടുണ്ട്.
മണ്ണിടിച്ചിലുണ്ടായ ഭാഗത്തോട് ചേർന്ന് അഞ്ചോളം കുടുംബങ്ങൾ താമസിക്കുന്നുണ്ട്. ഇവരുടെ ഭൂമിയുടെ ഭാഗവും ഇടിഞ്ഞ് താണിട്ടുണ്ട്. അപകടഭീഷണിയിൽ കഴിയുന്ന കുടുംബങ്ങളുടെ ഭൂമി ഏറ്റെടുത്ത് നിർമാണ പ്രവർത്തനം നടത്തണമെന്ന് നിരന്തരം ആവശ്യപെട്ടിട്ടും അധികൃതർ ചെവി കൊണ്ടിരുന്നില്ല. കഴിഞ്ഞ വർഷം തകർന്ന ഭാഗങ്ങൾ പുനർനിർമിക്കണമെന്ന് ആവശ്യപെട്ടിട്ടും നടപടികൾ ഉണ്ടായിരുന്നില്ല.
പാർശ്വഭിത്തി തകർന്നിട്ട് ഒരു വർഷം കഴിഞ്ഞ് മഴ ശക്തമായ സമയത്താണ് രാത്രിയിൽ കരാർ കമ്പനി തൊഴിലാളികൾ മണ്ണ് മാന്തിയുമായി എത്തി റോഡിനോട് ചേർന്ന ഭാഗത്ത് നിന്നും മണ്ണ് നീക്കിയത്. അപകട ഭീഷണി നാട്ടുകാർ ചൂണ്ടിക്കാട്ടിയെങ്കിലും ഇതര സംസ്ഥാന തൊഴിലാളികൾ മാത്രമാണ് സ്ഥലത്ത് ജോലിക്കെത്തിയിരുന്നത്.
നൂറുകണക്കിന് വാഹനങ്ങൾ കടന്ന് പോകുന്ന റോഡിനോട് ചേർന്ന് ഒരുവിധ സുരക്ഷാമാനദണ്ഡങ്ങളും പാലിക്കാതെയാണ് നിർമാണ പ്രവർത്തനങ്ങളുമായി അധികൃതർ മുന്നോട്ട് പോകുന്നത്.
'ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തണം'
വടകര: ദേശീയപാത നിർമാണത്തിലെ അപാകത കാരണം മുക്കാളിയിലുണ്ടായ മണ്ണിടിച്ചിൽ പ്രദേശത്തെ ജനങ്ങൾക്ക് ഭീതി വിതച്ചിട്ടുണ്ടെന്നും ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്താൻ അധികൃതർ തയാറാവണമെന്ന് എസ്.ഡി.പി.ഐ വടകര നിയോജക മണ്ഡലം പ്രസിഡന്‍റ് ഷംസീർ ചോമ്പാല ആവശ്യപ്പെട്ടു.
അദാനി കമ്പനി വഗാഡ് കമ്പനിക്ക് ഉപകരാർ കൊടുത്തതിന്റെ അനന്തരഫലമാണ് ജനങ്ങൾ അനുഭവിക്കുന്നത്. ജനങ്ങളുടെ ജീവനും സ്വത്തിനും ഒരു വിലയും കൽപിക്കാതെ നടക്കുന്ന നിർമാണത്തിന് തടയിടാൻ അധികൃതർ തയാറാവണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

