പൊതുജനാരോഗ്യ നിയമം ലംഘിച്ച ഹോട്ടലിന് പ്രവർത്തന വിലക്ക്
text_fieldsഓർക്കാട്ടേരിയിൽ ഹോട്ടലിൽ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തുന്നു
വടകര: ആരോഗ്യ വകുപ്പ് നടത്തിയ പരിശോധനയിൽ ഓർക്കാട്ടേരിയിൽ വൃത്തിഹീനമായി പ്രവർത്തിച്ച ഹോട്ടലിനെതിരെ നടപടി. ഗണപതി ഹോട്ടലിനെതിരെയാണ് നടപടി സ്വീകരിച്ചത്.
വൃത്തിഹീനമായും പൊതുജനങ്ങൾക്ക് നൽകുന്ന കുടിവെള്ളം ജലജന്യ രോഗങ്ങൾ ഉണ്ടാക്കുന്ന തരത്തിൽ അനാരോഗ്യകരമായ രീതിയിൽ സൂക്ഷിക്കുകയും ഇടപാടുകാർക്ക് നൽകുകയും, ഹോട്ടലിലെ മലിനജലം പൊതു ഓടയിലേക്ക് ഒഴുക്കി വിടുകയും ചെയ്യുന്നതായി ആരോഗ്യ വകുപ്പ് കണ്ടെത്തി.
ആരോഗ്യ വകുപ്പിന്റെ നിർദേശങ്ങൾ നടപ്പിലാക്കുന്നത് വരെ ഹോട്ടലിന്റെ പ്രവർത്തനം താൽക്കാലികമായി നിർത്തിവെക്കാൻ ആരോഗ്യവിഭാഗം ഉത്തരവിട്ടു. ഓർക്കാട്ടേരി സാമൂഹിക ആരോഗ്യ കേന്ദ്രം ഹെൽത്ത് സൂപ്പർവൈസർ സുരേന്ദ്രൻ കല്ലേരി, ഹെൽത്ത് ഇൻസ്പെക്ടർ സി. രാജീവൻ എന്നിവർ പരിശോധനയിൽ പങ്കെടുത്തു.
വൃത്തിഹീനമായ രീതിയിൽ ഹോട്ടൽ പ്രവർത്തിക്കുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ ഫുഡ് സേഫ്റ്റി ഓഫീസർ ഒ.ബി. അമയയുടെ നേതൃത്വത്തിലും ഹോട്ടലിൽ പരിശോധന നടത്തിയിരുന്നു. ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ ഭക്ഷണസാധനങ്ങൾ സംഭരിക്കുന്നതും വിതരണം നടത്തുന്നതും ശ്രദ്ധയിൽപ്പെട്ടാൽ കർശന നിയമനടപടി സ്വീകരിക്കുമെന്ന് ഓർക്കാട്ടേരി ലോക്കൽ പബ്ലിക് ഹെൽത്ത് ഓഫീസർ ഡോക്ടർ എൻ. ഉഷ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

