താളം തെറ്റി വടകര നഗരസഭ മാലിന്യ നീക്കം
text_fieldsവടകര: പഴങ്കതയാകുന്നു വടകര നഗരസഭയുടെ ക്ലീൻ സിറ്റി ഗ്രീൻ സിറ്റി മുദ്രാവാക്യം. നഗരസഭയുടെ മാലിന്യ നീക്കം നിലച്ചതാണ് തിരിച്ചടിയാകുന്നത്. വടകര മുനിസിപ്പൽ പരിധിയിലെ വീടുകളിൽനിന്നും സ്ഥാപനങ്ങളിൽനിന്നും ശേഖരിക്കുന്ന അജൈവ ഖരമാലിന്യങ്ങളോടൊപ്പം നഗര ശുചീകരണത്തിന്റെ ഭാഗമായുള്ള റിജക്ട് വേസ്റ്റ് ഉൾപ്പെടെയുള്ളവ നാരായണ നഗറിലെ ഇൻഡോർ സ്റ്റേഡിയത്തിനടുത്തുള്ള എം.ആർ.എഫ് കേന്ദ്രത്തിൽ ശേഖരിച്ചാണ് കയറ്റിയയക്കാറുള്ളത്. എന്നാൽ, മാലിന്യം കയറ്റിയയക്കാൻ കരാറെടുത്ത കോഴിക്കോട് കേന്ദ്രീകരിച്ചുള്ള ഗ്രീൻ വോഴ്‌സ് സൊല്യൂഷൻ കമ്പനിക്ക് 40 ലക്ഷത്തോളം രൂപ കുടിശ്ശികയായതോടെ കമ്പനി മാലിന്യമെടുക്കുന്നത് നിർത്തുകയായിരുന്നു.
ഒരു മാസത്തോളമായി മാലിന്യനീക്കം നിലച്ചതോടെ എം.ആർ.എഫ് കേന്ദ്രത്തിന് മുന്നിൽ കുന്നോളം ഉയരത്തിലാണ് സഞ്ചികളിലാക്കി മാലിന്യം കൂട്ടിയിട്ടിരിക്കുന്നത്. മാലിന്യം സമീപത്തെ ഇൻഡോർ സ്റ്റേഡിയത്തിലേക്കുള്ള റോഡിന്‍റെ പകുതി ഭാഗം കൈയടക്കിക്കഴിഞ്ഞു. സമീപത്തെ വ്യാപാരികളുൾപ്പെടെ കടുത്ത ദുരിതമാണ് ഇതുമൂലം നേരിടുന്നത്.
നേരത്തെ റിജക്ട് വേസ്റ്റുകൾ പുതിയാപ്പ് ട്രഞ്ചിങ് ഗ്രൗണ്ടിലാണ് എത്തിച്ചിരുന്നത്. ഇവിടേക്കുള്ള മാലിന്യ നീക്കം ഉപേക്ഷിച്ചതോടെയാണ് നഗരഹൃദയമായ നാരായണ നഗറിലേക്ക് റിജക്ട് വേസ്റ്റുകൾ എത്തിത്തുടങ്ങിയത്. മാലിന്യ നീക്കം തടസ്സപ്പെട്ടതിനാൽ നഗരഹൃദയം മറ്റൊരു ട്രഞ്ചിങ് ഗ്രൗണ്ടായി മാറിയ കാഴ്ചയാണ്. പ്ലാസ്റ്റിക് കവറുകൾ, കുപ്പി, ഇലക്ട്രോണിക് ഉൽപന്നങ്ങൾ, തുണി എന്നിവയടക്കമുള്ള സാധനങ്ങളാണ് എം.ആർ.എഫിൽ കെട്ടിക്കിടക്കുന്നവയിലേറെയും.
മാലിന്യ നീക്കം നിലച്ചത് വടകര ഹരിത കർമസേനയുടെ സൽപേരിന് കളങ്കം വരുത്തുന്ന തരത്തിലായി മാറിയിട്ടുണ്ട്. നേരത്തെ മാലിന്യ നിർമാർജനം നല്ല രീതിയിൽ ഏകോപിപ്പിച്ച പലരെയും മാറ്റിനിർത്തി നഗരസഭാ അധികാരികൾ ചെയ്യുന്ന തെറ്റായ സമീപനത്തിന്റെ ഭാഗമായാണ് പുതിയ പ്രതിസന്ധി രൂപപ്പെട്ടിരിക്കുന്നതെന്ന ആക്ഷേപവും നിലനിൽക്കുന്നുണ്ട്. ഫണ്ടിന്‍റെ ലഭ്യതക്കുറവാണ് പ്രശ്നങ്ങൾക്ക് കാരണമെന്നാണ് നഗരസഭാ വൃത്തങ്ങൾ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

