വടകര റെയിൽവേ സ്റ്റേഷനിൽ നാലു കിലോ കഞ്ചാവ് പിടികൂടി
text_fieldsrepresentational image
വടകര: ആർ.പി.എഫും പാലക്കാട് ആർ.പി.എഫ് ക്രൈം ഇന്റലിജൻസ് ബ്രാഞ്ചും വടകര എക്സൈസ് റേഞ്ചും വടകര റെയിൽവേ സ്റ്റേഷനിൽ സംയുക്തമായി നടത്തിയ പരിശോധനയിൽ നാലു കിലോ കഞ്ചാവ് പിടികൂടി. വടകര രണ്ടാം നമ്പർ പ്ലാറ്റ്ഫോമിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ ബാഗിലാണ് കഞ്ചാവ് കണ്ടെത്തിയത്.
ലഹരിവിരുദ്ധ ദിനാചരണ ഭാഗമായി തിങ്കളാഴ്ച രാവിലെ മുതൽ സ്റ്റേഷനിൽ പരിശോധന നടത്തിവരുകയായിരുന്നു. ബാഗിനുള്ളിൽ തുണികൾക്കിടയിൽ ഒളിപ്പിച്ചനിലയിലായിരുന്നു കഞ്ചാവ്. പരിശോധന ഭയന്ന് പ്രതി ബാഗ് ഉപേക്ഷിച്ച് കടന്നുകളഞ്ഞതായി സംശയിക്കുന്നു.
ആർ.പി.എഫ് സി.ഐ എൻ. കേശവദാസ്, എക്സൈസ് ഇൻസ്പെക്ടർ പി.പി. വേണു എന്നിവരുടെ നേതൃത്വത്തിൽ ആർ.പി.എഫ് എസ്.ഐമാരായ എ.പി. ദീപക്, എ.പി. അജിത്ത് അശോക്, എ.എസ്.ഐമാരായ കെ. സജു, പി.പി. ബിനീഷ്, ഹെഡ്കോൺസ്റ്റബ്ൾമാരായ കെ. തമ്പി, വി.പി. മഹേഷ്, ഒ.കെ. അജീഷ്, എൻ. അശോക്, കോൺസ്റ്റബ്ൾ പി.പി. അബ്ദുൽ സത്താർ, എക്സൈസ് പ്രിവന്റിവ് ഓഫിസർ കെ. സുനിൽ, സി.ഇ.ഒമാരായ പി.കെ. അനീഷ്, പി.കെ. രാഹുൽ ആക്കിലേരി, ഇ.എം. മുസ്ബിൻ എന്നിവരടങ്ങിയ പ്രത്യേക സംഘം നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്.

