തെരുവുനായ്ക്കളുടെ കടിയേറ്റ് മത്സ്യത്തൊഴിലാളിക്ക് പരിക്ക്
text_fieldsതെരുവ് നായയുടെ കടിയേറ്റ കെ.സി ഷിജു
വടകര: മത്സ്യബന്ധനത്തിന് വീട്ടിൽ നിന്നിറങ്ങിയ മത്സ്യത്തൊഴിലാളിക്ക് തെരുവുനായ്ക്കളുടെ ആക്രമണത്തിൽ ഗുരുതര പരിക്ക്. മടപ്പള്ളിയിലെ കെ.സി. ഷിജുവിനെയാണ് തെരുവുനായ്ക്കൾ കൂട്ടത്തോടെ ആക്രമിച്ചത്. പുലർച്ചയോടെ വീട്ടിൽ നിന്നിറങ്ങിയ ഷിജുവിനെ അറക്കൽ ക്ഷേത്രത്തിനു സമീപത്തുവെച്ചാണ് നായ്ക്കൾ ആക്രമിച്ചത്.
ഷിജുവിെൻറ കരച്ചിൽ കേട്ട് ഓടിയെത്തിയ നാട്ടുകാർ രക്ഷപ്പെടുത്തുകയായിരുന്നു. ഇയാളുടെ കാലുകൾക്കും കൈക്കും മറ്റുമാണ് കടിയേറ്റത്.
ഗുരുതരമായി പരിക്കേറ്റ ഷിജുവിനെ വടകര ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മേഖലയിൽ തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമായിട്ടുണ്ട്. രാത്രികാലങ്ങളിൽ കാൽനടക്കാർക്കും ഇരു ചക്ര വാഹനങ്ങൾക്കും ഇതുവഴി യാത്രചെയ്യാൻ കഴിയാത്ത അവസ്ഥയാണ്. പരിക്കേറ്റ ഷിജുവിന് നഷ്ടപരിഹാരം നൽകണമെന്ന് വാർഡ് മെംബർ ശാരദ വത്സൻ ആവശ്യപ്പെട്ടു.