മണിയൂരിൽ കുടിവെള്ളക്ഷാമം രൂക്ഷം
text_fieldsമണിയൂരിൽ വെള്ളം എത്താത്തതിനാൽ വരണ്ട് കിടക്കുന്ന കനാൽ
വടകര: മണിയൂർ ഗ്രാമപഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ കുടിവെള്ള ക്ഷാമം രൂക്ഷം. കടുത്ത വേനലിൽ കിണറുകൾ പലതും വറ്റിയതോടെ കുടിവെള്ളത്തിനായി അലയേണ്ട സ്ഥിതിയാണ്. ഗ്രാമപഞ്ചായത്തിലെ അരീക്കൽക്കുന്ന്, എടത്തുംകര, കപ്പുംകര, പൂച്ചക്കുന്നു, തെറ്റത്ത് പറമ്പത്ത് മുക്ക്, കൊയപ്രക്കുന്ന്, കൊളായിക്കുന്ന്, മുയ്യോട്ടുമ്മൽക്കുന്ന് എന്നിവിടങ്ങളിലാണ് കുടിവെള്ള ക്ഷാമം രൂക്ഷമായത്. മണിയൂരിലെ കനാലിൽ വെള്ളമെത്താത്തതാണ് കുടിവെള്ള ക്ഷാമം രൂക്ഷമാക്കിയത്. വെള്ളം ലഭിക്കാതായതോടെ മേഖലയിലെ കൃഷിയും ഭീക്ഷണി നേരിടുകയാണ്. ജലനിധിയുടെ ഭാഗമായുള്ള വെള്ളം ആശ്വാസമാവുന്നുണ്ടെങ്കിലും അപൂർവമായി മാത്രമാണ് ലഭിക്കുന്നത്. വിവിധ ഗ്രാമ പഞ്ചായത്തുകളിൽ കുടിവെള്ള വിതരണം ആരംഭിച്ചിട്ടും മണിയൂർ പഞ്ചായത്ത് കുടിവെള്ള വിതരണം നടത്താത്തതിൽ ശക്തമായ പ്രതിഷേധമുയർന്നിട്ടുണ്ട്. കുടിവെള്ള വിതരണത്തിനുള്ള ടെൻഡർ നടപടി പൂർത്തീകരിച്ചിട്ടും കുടിവെള്ളം വിതരണം ചെയ്യാത്ത പഞ്ചായത്ത് ഭരണസമിതിയുടെ നടപടിയിൽ മണിയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രതിഷേധിച്ചു.