വടകര: റോഡരികിൽ വീടുകൾക്ക് സമീപം നിർത്തിയിട്ട കാർ തീവെച്ച് നശിപ്പിച്ചു. താഴങ്ങാടി മുക്കോല ഭാഗം വലിയവളപ്പിൽ യുനാനി ഡോക്ടർ സെയ്ത് മുഹമ്മദ് അനസിന്റ കെ.എൽ. 18 .എസ്. 5604 കാറാണ് കത്തിച്ചത്. വെള്ളിയാഴ്ച പുലർച്ചെയോടെയാണ് സംഭവം. പ്രതിയെന്ന് സംശയിക്കുന്നയാളുടെ ദൃശ്യങ്ങൾ സമീപത്തെ സി.സി.ടി.വിയിൽനിന്ന് പൊലീസിന് ലഭിച്ചു. ഈ ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം ഊർജിതമാക്കി.
കാർ കത്തി പൊട്ടിത്തെറിക്കുന്ന ശബ്ദം കേട്ട് സമീപത്തെ വീട്ടുകാർ പുറത്തിറങ്ങിയെങ്കിലും പൂർണ്ണമായി കത്തി നശിച്ചിരുന്നു. സമീപത്ത് നിർത്തിയിട്ട ഈച്ചിലിന്റെവിട ഫിറോസിന്റ കെ.എൽ. 18. യു. 1238 ഐ ട്വന്റി കാർ കത്തിക്കാനും ശ്രമമുണ്ടായി. കാറിനടുത്ത് തീയിട്ടെങ്കിലും കത്തിയില്ല.
സമീപത്തെ സി.സി.ടി.വിയിലെ ക്യാമറ ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചു. ദൃശ്യങ്ങളിൽ പതിഞ്ഞ ആളെ ചുറ്റിപ്പറ്റി അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് പറഞ്ഞു. ഇയാൾ മുമ്പും സമാന കേസുകളിൽ പ്രതിയാണ്. ഫോറൻസിക് സംഘം സ്ഥലത്ത് പരിശോധന നടത്തി. വടകര എസ്.ഐ എം. നിജീഷിന്റെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്ത് പരിശോധന നടത്തി.
സമഗ്ര അന്വേഷണം നടത്തണം -കെ.കെ രമ എം.എൽ.എ
വടകര: കാർ തീവെച്ച് നശിപ്പിച്ച സംഭവത്തിൽ സമഗ്ര അന്വേഷണം നടത്തി പ്രതിയെ കണ്ടെത്തണമെന്ന് കെ.കെ രമ എം.എൽ.എ ആവശ്യപ്പെട്ടു. മേഖലയിൽ തീക്കളി തുടരുകയാണ്. താലൂക്ക് ഓഫിസ് തീവെപ്പ് കേസ് ദുരൂഹമാണ്. അന്വേഷണം വേണ്ട രീതിയിൽ നടന്നിട്ടില്ല. മേഖലയിൽ ലഹരി ഉപയോഗം അടിക്കടി വർധിക്കുകയാണ്. പൊലീസിന്റ ഇടപെടൽ ശക്തമാക്കണമെന്ന് എം.എൽ. എ ആവശ്യപ്പെട്ടു.