അപകടം പതിയിരിക്കുന്നു; മുന്നറിയിപ്പ് ബോർഡുകളില്ലാതെ ദേശീയപാത
text_fieldsവടകര ദേശീയപാതയിൽ കുഴിയെടുത്ത ഭാഗത്ത് കോൺക്രീറ്റ് സ്ലാബ് ഇടവിട്ട് സ്ഥാപിച്ച നിലയിൽ
വടകര: ഇഴഞ്ഞുനീങ്ങിയ ദേശീയപാത നിർമാണപ്രവൃത്തിക്ക് വേഗം കൈവന്നതോടെ പാതയിലെങ്ങും അപകടക്കുരുക്ക്. അഴിയൂർ-വെങ്ങളം റീച്ചിൽ നിർമാണപ്രവർത്തനങ്ങളുടെ ഭാഗമായി നിരവധി സ്ഥലങ്ങളിലാണ് കുഴിയെടുത്തിട്ടുള്ളത്. ഡ്രെയിനേജ്, അടിപ്പാത, മേൽപാലം, അപ്രോച്ച് റോഡ് ഉൾപ്പെടെയുള്ള പ്രവൃത്തികൾക്കാണ് റോഡ് പലയിടങ്ങളിലുമായി കീറി മുറിക്കുന്നത്. വൻ കുഴികളും കോൺക്രീറ്റിനായി കമ്പികൾ പാതി പുറത്തായ നിലയിലുൾപ്പെടെ ദേശീയ പാതയിൽ അപകടം കുരുക്കായി നിരവധി സ്ഥലങ്ങളുണ്ട്.
ഇത്തരം ഭാഗങ്ങളിൽ കൃത്യമായ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കാതെയാണ് പ്രവൃത്തിയുമായി കരാർ കമ്പനി മുന്നോട്ടുപോകുന്നത്. വൻ കുഴികളെടുത്ത ഭാഗങ്ങളിൽ ഇടവിട്ട് കോൺക്രീറ്റ് സ്ലാബുകളാണ് നിരത്തുന്നത്. വാഹനങ്ങൾ ഇത്തരം സ്ഥലങ്ങളിൽനിന്നും മറികടക്കുമ്പോൾ സ്ലാബുകൾക്കിടയിലൂടെ കുഴികളിൽ വീഴുകയാണ് ചെയ്യുന്നത്. വടകരയിൽ കഴിഞ്ഞ ദിവസം തലശ്ശേരി സ്വദേശി യുവാവ് തലനാരിഴക്കാണ് ബൈക്കുമായി നിർമാണത്തിലിരിക്കുന്ന കുഴിയിൽ വീണ് ജീവൻ തിരിച്ചുകിട്ടിയത്.
നിരവധിചെറുതും വലുതുമായ അപകടങ്ങളാണ് ദിനംപ്രതി ദേശീയപാതയിലുണ്ടാകുന്നത്. ദേശീയപാതയിലൂടെ കോഴിക്കോടോ കണ്ണൂരോ പോയി രാത്രി തിരിച്ചുവരുമ്പോൾ പലപ്പോഴും രാവിലെ പോയ വഴി കണ്ടെന്നുവരില്ല. പാത നിർമാണത്തിന്റെ ഭാഗമായി വാഹനങ്ങൾ വഴി തിരിച്ചുവിട്ടിട്ടുണ്ടാകും. എന്നാൽ ഇത്തരം സ്ഥലങ്ങളിൽ കൃത്യമായ ദിശ സൂചികകളോ മുന്നറിപ്പുകളോ ഇല്ലാത്തതിനാൽ യാത്രക്കാർ അപകടത്തിൽപെടുകയാണ് ചെയ്യുന്നത്.
സർവിസ് റോഡുകൾക്ക് സമീപംചിലയിടങ്ങളിൽ വലിയ സ്ലാബുകൾ ഉയരത്തിൽ ഒന്നിന് മുകളിൽ ഒന്നായി സ്ഥാപിച്ച് മണ്ണിട്ടാണ് പാത ഉയർത്തുന്നത്. പ്രവൃത്തി പാതിവഴിയിലായ ഇത്തരത്തിലുള്ള സ്ഥലങ്ങളിലൂടെയാണ് വാഹനങ്ങൾ കടന്നുപോകുന്നത്. സർവിസ് റോഡുകൾക്ക് മുകളിൽ എപ്പോഴും അപകടം പതിയിരിക്കുന്ന കാഴ്ചയാണുള്ളത്. നിർമാണ പ്രവർത്തനങ്ങൾക്കൊപ്പം അപകടസ്ഥലങ്ങളിൽ കൃത്യമായ മുന്നറിയിപ്പ് ബോഡുകൾ സ്ഥാപിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

