ദേശീയപാത സംരക്ഷണ ഭിത്തിയിലെ വിള്ളൽ താൽക്കാലികമായി അടച്ചു; സുരക്ഷയിൽ ആശങ്ക
text_fieldsവടകര: നിർമാണത്തിലിരിക്കുന്ന ദേശീയപാതയിൽ ചോമ്പാൽ ബ്ലോക്ക് ഓഫിസിന് സമീപം കഴിഞ്ഞ ദിവസം സംരക്ഷണ ഭിത്തിയിൽ വിള്ളൽ കണ്ട ഭാഗത്ത് സിമന്റ് മിശ്രിതം നിറച്ച് കരാർ കമ്പനിയുടെ അറ്റകുറ്റപ്പണി. തിങ്കളാഴ്ച രാത്രിയോടെയാണ് വിള്ളലുണ്ടായ ഭാഗത്ത് സിമന്റും ജില്ലിയും ചേർത്ത് അടച്ചത്.
എന്നാൽ, ഭിത്തിയുടെ അടിത്തറ മുതൽ മുകൾഭാഗം വരെ വലിയ വിള്ളൽ രൂപപ്പെട്ടിട്ടും കൃത്യമായി പരിശോധിക്കാതെ ഇത്തരത്തിൽ മൂടിവെക്കുന്നത് ഭാവിയിൽ വലിയ അപകടങ്ങൾക്ക് വഴിവെക്കുമെന്ന് നാട്ടുകാർ ആശങ്കപ്പെടുന്നു. ഭിത്തിപിളർന്ന സംഭവം മാധ്യമങ്ങളിൽ വാർത്തയായതിന് പിന്നാലെ കരാർ കമ്പനിയുടെ എൻജിനീയറിങ് വിഭാഗം സ്ഥലത്തെത്തി പരിശോധന നടത്തി.
വലിയ നിർമാണ പിഴവ് സംഭവിച്ചിട്ടും അത് നിസ്സാരവത്കരിക്കാനുള്ള നീക്കമാണ് കരാർ കമ്പനിയുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നതെന്ന് ആരോപിച്ച് പ്രതിഷേധം ശക്തമായിട്ടുണ്ട്. ശാസ്ത്രീയമായ പരിശോധനകളില്ലാതെ വിള്ളലടച്ച് തീർക്കുന്നതിനെതിരെ നാട്ടുകാർ രംഗത്തെത്തി.
വിഷയത്തിൽ കെ.കെ. രമ എം.എൽ.എ ഇടപെടുകയും ജില്ല ഭരണകൂടവുമായും ദേശീയപാത അതോറിറ്റിയുമായും സ്ഥിതിഗതികൾ സംസാരിക്കുകയും ചെയ്തു. ചോമ്പാല പൊലീസും റവന്യൂ വകുപ്പും സ്ഥലത്തെത്തി തയാറാക്കിയ ഗൗരവകരമായ റിപ്പോർട്ടുകൾ ഇതിനകം ജില്ല ഭരണകൂടത്തിന് കൈമാറിയിട്ടുണ്ട്. മഴക്കാലമെത്തുന്നതിന് മുമ്പ് ഭിത്തിയുടെ സുരക്ഷാ കാര്യത്തിൽ വ്യക്തമായ ഉറപ്പ് വേണമെന്നും താൽക്കാലിക പരിഹാരങ്ങൾക്ക് പകരം ബലവത്തായ നിർമാണം ഉറപ്പാക്കണമെന്നുമാണ് ജനങ്ങളുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

