ചുവപ്പുനാടയിൽ കുരുങ്ങി കടൽഭിത്തി നിർമാണം; കടലോരത്ത് ആധിയുടെ തിരമാല
text_fieldsതാഴെ അങ്ങാടി ആനാടി ഭാഗം കടൽഭിത്തി തകർന്നനിലയിൽ
വടകര: കടലും കോളും പേമാരിയും ഉണ്ടെങ്കിലേ കടലോരജനതയെ ഓർമയുണ്ടാവുകയുള്ളൂ. ഇല്ലെങ്കിൽ എല്ലാം പഴയപടി ചുവപ്പുനാടയിൽ കുരുങ്ങി കടൽഭിത്തി നിർമാണം. താഴെഅങ്ങാടി ആനാടി മുതൽ കസ്റ്റംസ് റോഡുവരെയുള്ള ഭാഗങ്ങളിൽ കടൽഭിത്തി നിർമിക്കാനുള്ള സാങ്കേതിക അനുമതി ഫയലിൽ ഉറങ്ങാൻ തുടങ്ങിയിട്ട് കാലമേറെയായിട്ടും അനുമതി ലഭിച്ചിട്ടില്ല.
2021ൽ 4.97കോടിയുടെ ഭരണാനുമതി കടൽഭിത്തി നിർമാണത്തിന് ലഭിക്കുകയുണ്ടായി. എന്നാൽ സാങ്കേതികാനുമതി ലഭിക്കാത്തതിനാൽ പ്രവൃത്തി നടക്കുന്നില്ല. കഴിഞ്ഞ കാലവർഷത്തിൽ മേഖലയിൽ കടൽ കലി തുള്ളി ദുരിത കാഴ്ചകളായി മാറിയിരുന്നു. നഗരസഭക്കു കീഴിലെ തീരങ്ങൾ മുഴുവൻ കടലെടുക്കുന്ന അവസ്ഥയിലായിരുന്നു.
നിരവധി കുടുംബങ്ങളാണ് ദുരിതം ഏറ്റുവാങ്ങിയത്. കടൽഭിത്തി നിർമാണവും തകർന്ന റോഡുകളുടെ പുനർനിർമാണവുമെല്ലാം പാതിവഴിയിലായി. കടലോര മക്കളുടെ ദീർഘകാലത്തെ ആവശ്യമായ കടൽഭിത്തി നിർമാണത്തിന് മുറവിളി ഉയരുകയും ഫണ്ട് അനുവദിക്കുകയുമുണ്ടായി. എന്നാൽ പ്രവർത്തനങ്ങൾ മന്ദഗതിയിലേക്ക് നീങ്ങി.
അടുത്ത കാലവർഷത്തിനകം നിർമാണം പൂർത്തീകരിച്ചിട്ടില്ലെങ്കിൽ തീരത്ത് തീരാ ദുരിതത്തിനിടയാക്കും. അധികൃതരുടെ ഭാഗത്തുനിന്നും നടപടികളുണ്ടായില്ലെങ്കിൽ ഇറിഗേഷൻ ഓഫിസിലേക്ക് മാർച്ച് നടത്തുമെന്ന് താഴെ അങ്ങാടി കോൺഗ്രസ് കമ്മിറ്റി അറിയിച്ചു. കെ.എം.പി ഹാരിസ് അധ്യക്ഷനായി. തട്ടാങ്കണ്ടി ഖാദർ സ്വാഗതവും കെ.വി. റഹീം നന്ദിയും പറഞ്ഞു.