കുറ്റ്യാടി നാളികേരപാർക്ക് നിർമാണം: നടപടികളെടുക്കും –മന്ത്രി
text_fieldsകുറ്റ്യാടി: കെ.എസ്.ഐ.ഡി.സി. ഏറ്റെടുത്ത വേളം മണിമലയിലെ 115.13 ഏക്കർ സ്ഥലത്ത് നാളികേരപാർക്ക് തുടങ്ങുന്നതിന് നടപടികൾ ആരംഭിക്കുമെന്ന് വ്യവസായ മന്ത്രി പി. രാജീവ്, കെ.പി. കുഞ്ഞമ്മദ്കുട്ടി എം.എൽ.എയെ അറിയിച്ചു.
പാർക്കിന് 2008-09 വർഷം ഏറ്റെടുത്ത സ്ഥലം കാടുപിടിച്ച് കർഷകരും നാട്ടുകാരും വന്യമൃഗശല്യം നേരിടുന്നതായി എം.എൽ.എ സബ്മിഷനിലൂടെ ഉന്നയിച്ചിരുന്നു. കാട് വെട്ടിത്തെളിക്കണമെന്നും ചുറ്റുമതിൽ കെട്ടി പാർക്ക് തുടങ്ങാൻ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.
എന്നാൽ, ഏറ്റെടുത്ത ഭൂമിക്ക് കൂടുതൽ നഷ്ടപരിഹാരം ആവശ്യപ്പെട്ട് എസ്.എൽ.ഇ.സിയുടെ തീരുമാനത്തിനെതിരെ ഉടമകൾ 2014 ൽ ഹൈകോടതിയിൽ റിട്ട് ഹരജി ഫയൽ ചെയ്തു. തുടർന്ന് ഉടമകൾക്ക് റബർതടി മൂല്യത്തിലും വാർഷിക ഉൽപന്ന മൂല്യത്തിലും അർഹത ഉണ്ടെന്നാണ് കോടതി വിധിച്ചത്.ഈ വിധിക്കെതിരെ കെ.എസ്.ഐ.ഡി.സി അപ്പീൽ ഫയൽ ചെയ്തെങ്കിലും ഹൈകോടതി തള്ളുകയാണുണ്ടായതെന്ന് മന്ത്രി പറഞ്ഞു.
സുപ്രീംകോടതിയിൽ ഫയൽ ചെയ്ത എസ്.എൽ.പിയും തള്ളിപ്പോയി. തുടർന്ന് ഒരു അവലോകന ഹരജി സമർപ്പിച്ചിട്ടുണ്ട് . ഇതിനിടയിൽ ഭൂവുടമകൾ ഹൈകോടതിയിൽ ഫയൽ ചെയ്ത കോടതിയലക്ഷ്യക്കേസിൽ കോഴിക്കോട് ജില്ല കലക്ടറോട് 10 ദിവസത്തിനുള്ളിൽ നഷ്ടപരിഹാരം കണക്കാക്കി ഭൂവുടമകൾക്ക് നൽകുന്നതിനും വിധിച്ചിട്ടുണ്ട്. ഭൂവുടമകൾക്ക് നൽകേണ്ടുന്ന നഷ്ടപരിഹാരത്തിെൻറ വിശദാംശങ്ങൾ നൽകാൻ കോഴിക്കോട് ജില്ല കലക്ടറോട് ആവശ്യപ്പെട്ടിട്ടുണ്ട് എന്നും മന്ത്രി അറിയിച്ചു.
കെ.എസ്.ഐ.ഡി.സിക്ക് നിലവിൽ കൈവശാവകാശം ഉള്ളതിനാൽ അടിസ്ഥാന നിർമാണ പ്രവർത്തനങ്ങൾ തുടങ്ങാൻ ആവശ്യപ്പെട്ടതായും മന്ത്രി അറിയിച്ചു. എന്നാൽ, മുൻ എം.എൽ.എ പാറക്കൽ അബ്ദുല്ലയുടെ കഴിവുകേടാണ് പദ്ധതി തുടങ്ങാൻ തടസ്സമെന്ന തരത്തിലായിരുന്നു കഴിഞ്ഞ നിയസഭ തെരഞ്ഞെടുപ്പു കാലത്ത് എൽ.ഡി.എഫ് നടത്തിയ പ്രചാരണമെന്ന് യു.ഡി. എഫുകാർ പറഞ്ഞു. മന്ത്രി പറഞ്ഞ കാരണങ്ങൾ തെന്നയായിരുന്നു അന്നത്തെ എം.എൽ.എയും പറഞ്ഞത്. അന്ന് വകുപ്പ് സ്ഥലം സന്ദർശിച്ച് ചുറ്റുമതിൽ കെട്ടാൻ നടപടിയെടുക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

