ഡി.വൈ.എഫ്.ഐ നേതാവിനെ ബസിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചതായി പരാതി
text_fieldsമടപ്പള്ളി -നാദാപുരം റോഡിൽ ഡി.വൈ.എഫ്.ഐ. പ്രവർത്തകർ സ്വകാര്യ ബസുകൾ തടയുന്നു
വടകര : മടപ്പള്ളി നാദാപുരം റോഡിൽ ഡി.വൈ.എഫ്.ഐ. നേതാവിനെ സ്വകാര്യ ബസ് ജീവനക്കാർ ബസിടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചതായി പരാതി.ഡി. വൈ.എഫ്.ഐ. ഒഞ്ചിയം ബ്ലോക്ക് കമ്മിറ്റി അംഗം മൃദുൽ (32) നെയാണ് ബസ് ഇടിച്ച് വീഴ്ത്തിയത്.ഗുരുതരമായി പരിക്കേറ്റ മൃദുലിനെ വടകര സ്വകാര്യ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.
നാദാപുരം റോഡിലെ സർവീസ് റോഡിലൂടെ സർവീസ് നടത്താതെ വിദ്യാർഥികളെയും യാത്രക്കാരെയും ബുദ്ധിമുട്ടിക്കുന്ന ലിമിറ്റഡ് സ്റ്റോപ്പ് സ്വകാര്യ ബസുകളുടെ നടപടിക്കെതിരെ കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഡി.വൈ.എഫ്.ഐ ഒഞ്ചിയം ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധം നടന്നുവരികയായിരുന്നു.
വ്യാഴാഴ്ച വൈകിട്ട് നാലരയോടെ മടപ്പള്ളി സ്കൂളിലെയും മടപ്പള്ളി കോളജിലെയും വിദ്യാർഥികളെ ബസ് കയറാൻ സഹായിക്കുന്നതിനിടയിലാണ് സംഭവം. തലശ്ശേരി - കോഴിക്കോട് റൂട്ടിലോടുന്ന ഡി.ടി.എസ് ക്ലാസിക് എന്ന സ്വകാര്യ ബസാണ് തട്ടിയത്. സർവിസ് റോഡിലൂടെ പോകാത്തത് ചോദ്യം ചെയ്തതിലുള്ള വൈരാഗ്യമാണ് വധശ്രമത്തിന് പിന്നിലെന്ന് ഡി.വൈ.എഫ്.ഐ ആരോപിച്ചു. മൃദുലിനെ ബസിടിച്ച ശേഷം ഡ്രൈവറും കണ്ടക്ടറും സംഭവസ്ഥലത്തുനിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു.
സർവിസ് റോഡിലൂടെ പോകാതെ യാത്രക്കാരെ വലയ്ക്കുന്ന ലിമിറ്റഡ് സ്റ്റോപ്പ് ബസുകൾക്കെതിരെയും മൃദുലിനെ ബസിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച ബസ് ജീവനക്കാർക്കെതിരെയും വധശ്രമത്തിന് കേസെടുത്ത് ശക്തമായ നടപടി സ്വീകരിക്കണമെന്ന് ഡി.വൈ.എഫ്.ഐ ബ്ലോക്ക് കമ്മിറ്റി പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു. സംഭവത്തിൽ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ. പ്രവർത്തകർ വെള്ളിയാഴ്ച നാദാപുരം റോഡിൽ സ്വകാര്യ ബസുകൾ തടഞ്ഞു. പൊലീസ് എത്തി പ്രവർത്തകരെ മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

