കോവിഡ് മാനദണ്ഡംമറന്ന് ചോമ്പാൽ ഹാർബർ; പരിശോധന നടത്തുമെന്ന് അധികൃതർ
text_fieldsചോമ്പാല ഹാർബറിൽ ലേലപ്പുരയിലെ തിരക്ക്
വടകര: കോവിഡ് മഹാമാരിക്കെതിരെ നാടും നഗരവും കൈകോർക്കുമ്പോൾ ചോമ്പാൽ ഹാർബറിൽ കോവിഡ് മാനദണ്ഡം കാറ്റിൽ പറക്കുന്നു. അഴിയൂർ ഗ്രാമപഞ്ചായത്ത് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ പ്രശംസനീയമായ പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുന്നതിനിടെയാണ് ഹാർബറിൽ മാനദണ്ഡങ്ങൾ ലംഘിക്കപ്പെടുന്നത്. ലേല പുരയിലും തീരത്തും മത്സ്യവുമായി തോണികൾ അടുക്കുന്നതോടെ തിക്കിത്തിരക്കുന്ന കാഴ്ചയാണ് എങ്ങും. മുറവിളിക്കൊടുവിലാണ് കർശന ഉപാധികളോടെ ഹാർബർ തുറന്നുകൊടുത്തത്.
ഹാർബറിൽ പ്രവേശിക്കുന്നവർക്ക് കോവിഡ് പരിശോധന അടക്കം നിർബന്ധമാക്കി. പുറത്തുനിന്നുള്ളവർക്ക് ഹാർബറിൽ പ്രവേശന അനുമതിയും നിഷേധിച്ചിരുന്നു. എന്നാൽ, പുറത്തുനിന്നുള്ളവരടക്കമുള്ളവരുടെ തിരക്കാണ് ഹാർബറിൽ. സമ്പൂർണ ലോക്ഡൗൺ നിലനിൽക്കുന്ന ദിവസങ്ങളിലും തിരക്കിന് കുറവില്ല. കവാടത്തിൽ നിയന്ത്രിക്കാൻ ആളുണ്ടെങ്കിലും പ്രാവർത്തികമാവുന്നില്ല. ഇതര ജില്ലകളിൽനിന്നടക്കം നിരവധി വാഹനങ്ങളാണ് ദിനംപ്രതി ഹാർബറിൽ വന്ന് പോയിക്കൊണ്ടിരിക്കുന്നത്. തീരദേശവാസികളുടെ ജീവിതം വഴിമുട്ടുമെന്നായപ്പോഴാണ് ഗ്രാമപഞ്ചായത്ത് ഇടപെട്ട് ഹാർബർ തുറന്നുകൊടുത്തത്.
ഒരുഘട്ടത്തിൽ ജില്ലയിൽ കോവിഡ് ബാധിതരുടെ എണ്ണം ക്രമാതീതമായി വർധിക്കുകയും നിരവധി മരണങ്ങൾ റിപ്പോർട്ട് ചെയ്യുകയും ഉണ്ടായ ഗ്രാമപഞ്ചായത്താണ് അഴിയൂർ. പൊലീസ് സെക്ടറൽ മജിസ്ട്രേട്ട് ഉൾപ്പെടെയുള്ളവരെ ഹാർബറിൽ നിയോഗിക്കണമെന്ന ആവശ്യം ശക്തമായി. ഹാർബറിൽ മാനദണ്ഡം ലംഘിക്കപ്പെട്ടാൽ കർശന നടപടി സ്വീകരിക്കുമെന്നും സംഭവം ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്നും അടുത്ത ദിവസങ്ങളിൽ കർശന പരിശോധന നടത്തുമെന്ന് ഗ്രാമപഞ്ചായത്ത്അ ധികൃതർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

