സി.പി.എം പ്രവര്‍ത്തകരുടെ അറസ്റ്റ്: ചോമ്പാല എസ്.ഐയെ സ്ഥലംമാറ്റി
text_fieldsവടകര: ചോമ്പാല എസ്.ഐ പ്രശോഭിനെ സ്ഥലംമാറ്റി. പെരുവണ്ണാമൂഴി സ്റ്റേഷനിലേക്കാണ് മാറ്റിയത്. പുതുവത്സരാഘോഷവുമായി ബന്ധപ്പെട്ട് രണ്ടു സി.പി.എം പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത സംഭവത്തിെൻറ പ്രതികാരമായാണ് സ്ഥലംമാറ്റമെന്ന് പറയുന്നു.
കണ്ണൂര്‍ സ്വദേശിയാണ് പ്രശോഭ്. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പൊതു സ്ഥലംമാറ്റം നടക്കാനിരിക്കെയുള്ള ഈ നടപടി പൊലീസിെൻറ വീര്യം തകര്‍ക്കാന്‍ മാത്രമേ സഹായിക്കൂവെന്നാണ് പൊലീസിനുള്ളില്‍ നിന്നുള്ള വിമര്‍ശനം. പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തതിനെ ചൊല്ലി ചോമ്പാല പൊലീസിനെതിരെ സി.പി.എം നേതാക്കള്‍ പോര്‍വിളി നടത്തിയിരുന്നു.
പ്രവര്‍ത്തകരുടെ അറസ്റ്റിനെ തുടര്‍ന്നുള്ള പൊലീസിനെതിരായ സി.പി.എം നേതാവിെൻറ പ്രസംഗം വിവാദമായിരുന്നു. ഇതിെൻറ തുടര്‍ച്ചയായി, ചോമ്പാല സ്റ്റേഷനില്‍ സി.പി.എം നേതാവുമായുണ്ടായ വാക്തര്ക്കത്തിെൻറ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചിരുന്നു. വിഷയം മുഖ്യമന്ത്രിയുടെ ശ്രദ്ധയിലുള്പ്പെടെ സി.പി.എം എത്തിച്ചിരുന്നു. വീട്ടില്‍ കയറി സ്ത്രീകളെ ഉള്‍പ്പെടെ ഭീഷണിപ്പെടുത്തിയുള്ള പൊലീസ് നടപടി നാടിനു യോജിച്ചതല്ലെന്ന നിലപാടാണ് സി.പി.എം മുന്നോട്ടുവെച്ചത്.

