വടകര ലിങ്ക് റോഡിൽനിന്നുള്ള സ്വകാര്യ ബസ് സർവിസ് പഴയ സ്റ്റാൻഡിലേക്ക് മാറ്റി
text_fieldsവടകരയിൽ സ്വകാര്യ ബസുകളുടെ മിന്നൽ പണിമുടക്കിനെ തുടർന്ന് വലഞ്ഞ യാത്രക്കാർ
വടകര: ലിങ്ക് റോഡിൽ നിന്ന് സർവിസ് നടത്തിയിരുന്ന സ്വകാര്യ ബസുകളുടെ സർവിസ് വീണ്ടും പഴയ ബസ് സ്റ്റാൻഡിലേക്ക് മാറ്റിയ തീരുമാനത്തിൽ പ്രതിഷേധവുമായി സ്വകാര്യ ബസുകളുടെ മിന്നൽ പണിമുടക്ക്. എം.എൽ.എ, കലക്ടർ തുടങ്ങിയവർ പങ്കെടുത്ത യോഗത്തിൽ ഓണത്തിരക്ക് ഒഴിവാക്കുന്നതിന്റെ ഭാഗമായി താത്കാലിക സംവിധാനമെന്ന നിലക്ക് പഴയ സ്റ്റാൻഡിൽ നിന്ന് കൊയിലാണ്ടി, പയ്യോളി, പേരാമ്പ്ര, കൊളാവിപ്പാലം , കോട്ടക്കൽ, മേപ്പയൂർ ഭാഗങ്ങളിലേക്ക് സർവിസ് നടത്തുന്ന ബസുകൾ ലിങ്ക് റോഡിലേക്ക് മാറ്റിയിരുന്നു.
ഓണത്തിരക്ക് കഴിഞ്ഞാൽ ബസുകൾ വീണ്ടും പഴയ സ്റ്റാൻഡിലേക്ക് മാറ്റുമെന്ന് കലക്ടർ അറിയിച്ചിരുന്നു. മുൻ തീരുമാന പ്രകാരം ബുധനാഴ്ച വീണ്ടും ബസ് സർവിസ് പഴയ സ്റ്റാൻഡിലേക്ക് മാറ്റിയതോടെ തൊഴിലാളികൾ പ്രതിഷേധവുമായി രംഗത്തിറങ്ങുകയും മിന്നൽ പണിമുടക്ക് നടത്തുകയുമായിരുന്നു. നഗരസഭ തീരുമാനത്തിന് വിരുദ്ധമായാണ് പഴയ ബസ് സ്റ്റാൻഡിൽ നിന്ന് സർവിസ് നടത്തുന്ന ബസുകൾ ലിങ്ക് റോഡിലേക്ക് നേരത്തെ മാറ്റിയത്.
തീരുമാനത്തിനെതിരെ വ്യാപാരികൾ ഉൾപ്പെടെയുളളവർ രംഗത്ത് വന്നിരുന്നു. ലിങ്ക് റോഡിൽ നിന്നുള്ള ബസുകൾ പഴയ ബസ് സ്റ്റാൻഡിൽ വെച്ച് സർവിസ് ആരംഭിച്ചതോടെ നഗരത്തിലെ വ്യാപാര മേഖലക്കും ഉണർവേകിയിരുന്നു. ലിങ്ക് റോഡിൽ നിന്ന് പഴയ സ്റ്റാൻഡിലേക്ക് ബസുകൾ മാറ്റുമ്പോൾ ദേശീയ പാതയിലെ പുതുപ്പണം എസ്.പി ഓഫിസ് മുതൽ കൈനാട്ടി വരെയുള്ള സർവിസ് റോഡുകൾ അറ്റകുറ്റ പണി നടത്തി ഗതാഗത യോഗ്യമാക്കുമെന്ന ഉറപ്പ് സംയുക്ത തൊഴിലാളി യൂനിയനുകൾക്കും ബസുടമകൾക്കും നൽകിയിരുന്നു.
എന്നാൽ, ഇത് പാലിക്കപ്പെട്ടില്ലെന്നാണ് യൂനിയനുകൾ പറയുന്നത്. സ്വകാര്യ ബസുകളുടെ മിന്നൽ പണിമുടക്ക് യാത്രക്കാരെ വലച്ചു. ചുരുക്കം ബസുകൾ രാവിലെ പുതിയ സ്റ്റാൻഡിൽ നിന്ന് സർവിസ് ആരംഭിച്ചെങ്കിലും പിന്നീട് നിർത്തിവെച്ചു. സ്വകാര്യ ബസുകളുടെ സ്റ്റാൻഡ് മാറ്റം സംബന്ധിച്ച് മുന്നറിയിപ്പുൾ നൽകിയിരുന്നില്ല.
തിങ്കളാഴ്ചക്കകം തീരുമാനം
വടകര: ലിങ്ക് റോഡിൽ നിന്നും സർവീസ് നടത്തുന്ന സ്വകാര്യ ബസുകൾ വടകര പഴയ സ്റ്റാൻഡിലേക്ക് മാറ്റിയത് സംബന്ധിച്ച് തിങ്കളാഴ്ചക്കകം ചർച്ച ചെയ്ത് പരിഹരിക്കാൻ തീരുമാനം. വടകര ഡി.വൈ.എസ്.പി വിളിച്ച് ചേർത്ത ബസ് ഉടമകളുടെ യോഗത്തിലാണ് തീരുമാനം. അതുവരെ ലിങ്ക് റോഡിൽ നിന്ന് ബസുകൾ സർവിസ് നടത്തും. ചർച്ചയിൽ സെക്രട്ടറി എ.പി. ഹരിദാസൻ. പ്രസിഡന്റ് സൽവ കുഞ്ഞമ്മത് ,ജിജു കുമാർ എടവലത്ത്, കെ.ടി. സുഷിൻ, ചന്ദ്രൻ തുണ്ടിയിൽ, സംയുക്ത ട്രേഡ് യൂനിയൻ ചെയർമാൻ എം. ബാലകൃഷ്ണൻ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

