വടകര-ചേലക്കാട് റോഡ് വികസനം: പ്രാരംഭ പ്രവർത്തനമാരംഭിച്ചു
text_fieldsവടകര-ചേലക്കാട് റോഡിനായി ഏറ്റെടുക്കുന്ന സ്ഥലം അളന്നു തിട്ടപ്പെടുത്തുന്നു
വടകര: വടകര-ചേലക്കാട് റോഡ് നവീകരണത്തിനായി നഗരപരിധിയിൽ പ്രാരംഭ പ്രവർത്തനങ്ങൾ തുടങ്ങി. നഗരപരിധിയിലെ അഞ്ചു വിളക്ക് ജങ്ഷൻ മുതൽ അടക്കാത്തെരു-അക്ളോത്ത് നട പാലം വരെയുള്ള ഭാഗങ്ങളിൽ റോഡിന്റെ വീതി അളന്ന് തിട്ടപ്പെടുത്തുന്ന പ്രവർത്തനമാണ് തുടങ്ങിയത്.
ഇരുവശങ്ങളിലുമുള്ള കെട്ടിട ഉടമകളുടെ യോഗം നഗരസഭ കഴിഞ്ഞദിവസം വിളിച്ചുചേർത്തിരുന്നു. ഉടമകളുടെ സാന്നിധ്യത്തിലായിരുന്നു അളവ്. കിഫ്ബി ഫണ്ടുപയോഗിച്ച് 12 മീറ്റർ വീതിയിൽ വികസിപ്പിക്കുന്ന റോഡിന്റെ ഇരുഭാഗങ്ങളിൽനിന്ന് തുല്യമായാണ് സ്ഥലം ഏറ്റെടുക്കുന്നത്. ചില കെട്ടിടങ്ങളുടെ മുൻഭാഗം വികസനത്തിനായി പൊളിച്ചുമാറ്റുന്നതിനാൽ പുനർനിർമിക്കാൻ കിഫ്ബി ഫണ്ടിൽനിന്ന് തുക നീക്കിവെച്ചിട്ടുണ്ട്.
സ്ഥലം അളവ് പൂർത്തിയായാൽ കെട്ടിട ഉടമകളുടെ സമ്മതപത്രം വാങ്ങി ടെക്നിക്കൽ കമ്മിറ്റിക്ക് നൽകി ടെൻഡർ നടപടി പൂർത്തിയാക്കി പ്രവൃത്തി ആരംഭിക്കും. 58 കോടി രൂപ ചെലവിൽ അത്യാധുനികരീതിയിലാണ് റോഡ് നിർമാണം. കെ.ആർ.എഫ്.പി ഡബ്ല്യൂ.ഡി എക്സിക്യൂട്ടിവ് എൻജിനീയർ, അസിസ്റ്റന്റ് എൻജിനീയർ, നഗരസഭ എൻജിനീയർ, നഗരസഭ ചെയർപേഴ്സൻ കെ.പി. ബിന്ദു, പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം. ബിജു എന്നിവരുടെ നേതൃത്വത്തിലാണ് അളന്നു തിട്ടപ്പെടുത്തിയത്.
റോഡ് നൂതന സാങ്കേതികവിദ്യയിൽ വികസിപ്പിക്കണമെന്ന് സർവകക്ഷിയോഗം ആവശ്യപ്പെട്ടു. വികസനപ്രവർത്തനങ്ങൾ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനായി വില്യാപ്പള്ളി ഗ്രാമപഞ്ചായത്ത് ഹാളിൽ ആയഞ്ചേരി, വില്യാപ്പള്ളി, പുറമേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരും വിവിധ രാഷ്ട്രീയപാർട്ടി പ്രതിനിധികളും കെ.ആർ.എഫ്.ബി ഉദ്യോഗസ്ഥരും റോഡ് കമ്മിറ്റി പ്രതിനിധികളും പങ്കെടുത്ത യോഗംചേർന്നു.
ആഗസ്റ്റ് 30ന് മുമ്പേ മുഴുവൻ ഭൂവുടമകളിൽനിന്നും സമ്മതപത്രം സ്വീകരിക്കാൻ യോഗം തീരുമാനിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

