ഒഴിവുകൾ നികത്തുന്നില്ല; നഗരശുചീകരണം താളംതെറ്റുന്നു
text_fieldsമഴക്കാല രോഗങ്ങൾ വന്നു തുടങ്ങിയിട്ടും കോഴിക്കോട് ചുള്ളിക്കാട് ഹെൽത്ത് സെൻറർ റോഡിലെ ഓടയിലെ മാലിന്യങ്ങൾ നീക്കം ചെയ്യാത്ത നിലയിൽ
കോഴിക്കോട്: ആവശ്യത്തിന് ശുചീകരണ തൊഴിലാളികളില്ലാതെ കോഴിക്കോട് കോർപറേഷൻ ശുചീകരണ പ്രവർത്തനം താളംതെറ്റുന്നു. നഗരത്തിന്റെ പലഭാഗങ്ങളിലും മാലിന്യം കെട്ടിക്കിടക്കുന്ന അവസ്ഥയാണ്.
ഓടകൾ കൃത്യമായി ശുചീകരിക്കാത്തതിനാൽ മഴക്കാലമായതോടെ ചെറിയ മഴ പെയ്താൽപോലും നഗരത്തിന്റെ പല ഭാഗങ്ങളും വെള്ളത്തിൽ മുങ്ങും. മഴക്കാലത്തിന് മുമ്പ് തന്നെ ശുചീകരണ തൊഴിലാളികളുടെ ഒഴിവ് നികത്തണമെന്ന് തൊഴിലാളികളും പ്രതിപക്ഷ യൂനിയനുകളും ആവശ്യപ്പെട്ടിരുന്നെങ്കിലും കോർപറേഷൻ അധികൃതർ അമാന്തം കാണിക്കുകയാണ് എന്നാണ് ആക്ഷേപം. ഇതുകാരണം അമിത ജോലിഭാരത്താൽ പൊറുതിമുട്ടുകയാണ് തൊഴിലാളികൾ.
759 കണ്ടിൻജന്റ് തൊഴിലാളികളാണ് കോർപറേഷനിൽ വേണ്ടത്. ഇതിൽ 205 തൊഴിലാളികളുടെ പോസ്റ്റ് നിലവിൽ ഒഴിഞ്ഞുകിടക്കുകയാണ്. 554 തൊഴിലാളികളാണ് കോർപറേഷന്റെ വിവിധ മേഖലകളിലായി ഉള്ളത്. ഇതിൽ തന്നെ 30ഓളം കണ്ടിൻജന്റ് തൊഴിലാളികളെ മറ്റ് ജോലികളിലേക്ക് നിയോഗിക്കുകയും ചെയ്തിട്ടുണ്ട്.
അതിനാൽ നിലവിലുള്ള ജീവനക്കാരിൽ ഒന്നോ രണ്ടോ പേർ അസുഖം കാരണം അവധിയെടുക്കുകകൂടി ചെയ്താൽ ശുചീകരണം ആകെ താളംതെറ്റും. ഇത് തൊഴിലാളികൾക്ക് അമിത ജോലി ഭാരമാവുകയാണ്. മഴക്കാലമായതോടെ ശുചീകരണം കൃത്യമായി നടത്താൻ കഴിയാതെ റെസിഡന്റ്സ് അസോസിയേഷനുകളിൽനിന്ന് ആക്ഷേപം കേൾക്കേണ്ട അവസ്ഥയാണ് തങ്ങൾക്കെന്നും തൊഴിലാളികൾ പറയുന്നു. മാലിന്യം കുമിഞ്ഞുകൂടുന്നത് തെരുവുനായ്ക്കളുടെ ശല്യം വർധിക്കാനും ഇടയാക്കുന്നുണ്ട്.
121 തൊഴിലാളികളെ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി നിയമിക്കാൻ കോർപറേഷന് തീരുമാനമായിട്ടുണ്ട്. ഇതിനുള്ള അഭിമുഖവും നടത്തിയിരുന്നു. എന്നാൽ പിന്നീട് മറ്റ് നടപടികൾ ഒന്നും ആയിട്ടില്ല. അതേസമയം ഇന്റർവ്യൂ നടത്തിയവരിൽനിന്ന് വിവിധ രാഷ്ട്രീയ പാർട്ടികൾക്ക് വിഹിതംവെച്ച് നൽകുന്നതിൽ തീരുമാനമാകാത്തതാണ് നിയമനം വൈകാൻ കാരണമെന്നും ആക്ഷേപമുണ്ട്. എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി അഭിമുഖം നടത്തിയവരെ ഉടൻ നിയമിക്കണമെന്ന് ഐ.എൻ.ടി.യു.സി ജില്ല ജനറൽ സെക്രട്ടറി കെ. ഷാജി ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

