അധികൃതരേ... ഇതാ... ഇലക്ട്രിക് ഓട്ടോകൾ ‘വട്ടംകറങ്ങുന്നു’
text_fieldsകോഴിക്കോട്: അന്തരീക്ഷ മലിനീകരണത്തിന് ബദലായി സർക്കാർ പ്രോത്സാഹനത്തോടെ സർവിസ് തുടങ്ങിയ ഇലക്ട്രിക് ഓട്ടോകൾ പ്രതിസന്ധികളിൽപെട്ട് നിരത്തിൽ ‘വട്ടം കറങ്ങുന്നു’.
മതിയായ മൈലേജ് ലഭിക്കുന്നില്ല, ആവശ്യമായ സ്പെയർപാർട്സ് കിട്ടാനില്ല, ടെക്നീഷ്യന്മാർ വേണ്ടത്രയില്ല, ചാർജിങ്ങിന് കൂടുതൽ സ്റ്റേഷനുകളില്ല തുടങ്ങിയവയാണ് പ്രധാന പ്രതിസന്ധികൾ. കേന്ദ്ര-സംസ്ഥാന സർക്കാർ നയത്തിന്റെ ഭാഗമായി 2020 മുതലാണ് നഗരത്തിൽ ഇലക്ട്രിക് ഓട്ടോകൾ സർവിസ് തുടങ്ങിയത്.
മൂന്നു കമ്പനികൾ പുറത്തിറക്കിയ 240 ഇലക്ട്രിക് ഓട്ടോകളാണ് ഇന്ന് നഗരത്തിൽ മാത്രം സർവിസ് നടത്തുന്നത്. ഇവയിൽ പലതും പ്രതിസന്ധിയിൽപെട്ട് ഏതു സമയവും കട്ടപ്പുറത്താകുന്ന അവസ്ഥയിലാണ് എന്നാണ് ഡ്രൈവർമാർ പറയുന്നത്.
130 കിലോമീറ്റർ മൈലേജ് പറഞ്ഞവക്ക് 50 മുതൽ 80 കി.മീ. വരെയും 80 മൈലേജ് പറഞ്ഞവക്ക് 60 കി.മീയും 200 മൈലേജ് അവകാശപ്പെട്ടവക്ക് പരമാവധി 130 കി.മീ. മൈലേജുമാണ് ലഭിക്കുന്നത്. സ്വൈപബ്ൾ ബാറ്ററി ഉപയോഗിക്കുന്ന ഇലക്ട്രിക് ഓട്ടോകൾക്ക് ചാർജിങ്ങിന് ആവശ്യമായത്ര സ്റ്റേഷനുകളില്ലാത്തതും വലിയ പ്രതിസന്ധിയാണ്.
മറ്റു കമ്പനിയുടെ വാഹനങ്ങൾക്ക് ചാർജിങ് പോയിന്റുകളിൽനിന്നും വീട്ടിൽനിന്നും ചാർജ് ചെയ്യാമെങ്കിലും സ്വൈപബ്ൾ ബാറ്ററി ഉപയോഗിക്കുന്നവക്ക് മാങ്കാവ്, കല്ലായി റോഡ്, ബഷീർ റോഡ്, ചക്കോരത്തുകുളം, വെങ്ങാലി, ജയിൽ റോഡ്, മെഡിക്കൽ കോളജ്, സിവിൽ സ്റ്റേഷൻ എന്നിങ്ങനെ എട്ടിടങ്ങളിൽ മാത്രമാണ് ചാർജിങ് സ്റ്റേഷനുകളുള്ളത്. അതിനാൽതന്നെ റെയിൽവേ സ്റ്റേഷനുകളിൽനിന്നടക്കം ലഭിക്കുന്ന ദീർഘദൂര ഓട്ടങ്ങൾ പലതും ഒഴിവാക്കുകയാണ്.
നഗരപരിധിക്കു പുറത്തുൾപ്പെടെ കൂടുതൽ സ്റ്റേഷനുകൾ ആരംഭിച്ചാൽ ഈ പ്രശ്നം പരിഹരിക്കാനാവുമെന്നും ഡ്രൈവർമാർ ചൂണ്ടിക്കാട്ടുന്നു. ഓട്ടോയുടെ സ്പെയർപാർട്സിന് വൻ വിലയാണ് ഈടാക്കുന്നതെന്നും ആക്ഷേപമുണ്ട്. പുറത്തെവിടെയും കിട്ടാനില്ലാത്തതിനാൽ അമിത വിലക്ക് ഇവ കമ്പനികളിൽ നിന്നുതന്നെ വാങ്ങേണ്ടിവരുന്നു.
മാത്രമല്ല, ആവശ്യത്തിന് ടെക്നീഷ്യന്മാരില്ലാത്തതിനാൽ ചെറിയ അറ്റകുറ്റപ്പണികൾക്കുപോലും നിരവധി ദിവസത്തെ സർവിസ് മുടങ്ങുന്നതും വലിയ നഷ്ടമാണ് ഉണ്ടാക്കുന്നത്.
ചാർജിങ്ങിന് കൂടുതൽ സമയം വേണ്ടിവരുന്നതും നഷ്ടമുണ്ടാക്കുന്നു. വിവിധ കമ്പനികളുടെ ഇലക്ട്രിക് ഓട്ടോകൾക്ക് രണ്ടര മുതൽ മൂന്നര ലക്ഷം രൂപവരെയാണ് വില. ഇത്രയും തുക മുടക്കി വാങ്ങിയ വാഹനങ്ങൾ ഒന്നും രണ്ടും വർഷം സർവിസ് നടത്തിയശേഷം മറിച്ചുവിൽക്കാൻ ശ്രമിച്ചാൽ കുറഞ്ഞ വിലക്കുപോലും എടുക്കാൻ ആളില്ലെന്നും ഇവർ പറയുന്നു.
ഇലക്ട്രിക് ഓട്ടോകളുടെ പ്രതിസന്ധി: സർക്കാർ ഇടപെടണം
കോഴിക്കോട്: ഇലക്ട്രിക് ഓട്ടോകൾ നേരിടുന്ന പ്രതിസന്ധികളിൽ സർക്കാർ ഇടപെടലുണ്ടാകണമെന്ന് ജില്ല ഇലക്ട്രിക് ഓട്ടോ കമ്മിറ്റി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. 30,000 രൂപ വാഹനം വാങ്ങുന്നവർക്കും 60,000 രൂപ കമ്പനിക്കും സബ്സിഡിയടക്കം നൽകി സർക്കാർ പ്രോത്സാഹനത്തിലാണ് ഇലക്ട്രിക് ഓട്ടോകൾ നിരത്തിലിറക്കിയത്.
എന്നാൽ, കമ്പനികളുടെ നിരുത്തരവാദ സമീപനമാണ് പ്രതിസന്ധികൾ സൃഷ്ടിക്കുന്നത്. ഇലക്ട്രിക് ഓട്ടോകളുടെ സ്പെയർപാർട്സിന് അമിത വില ഈടാക്കുന്നത് അവസാനിപ്പിക്കണമെന്നും കൂടുതൽ ടെക്നീഷ്യന്മാരെ നിയോഗിക്കണമെന്നും ഇവർ ആവശ്യപ്പെട്ടു. പ്രസിഡന്റ് കബീർ കല്ലായി, സുഭീഷ് അനോളി, യു.ഡി. ഗിരിരാജ്, ദിനേശൻ, പ്രമോദ്, പി.സി. വിജയൻ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.