എ.ബി.സി-ഐഡി ഫീസ് ഈടാക്കുന്നില്ലെന്ന് സർവകലാശാല
text_fieldsതേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാലയിൽ അക്കാദമിക് ബാങ്ക് ഓഫ് ക്രെഡിറ്റ് ഐഡികളുണ്ടാക്കാനും അപ്ഡേറ്റ് ചെയ്യാനും മുൻകൂട്ടി അമിത ഫീസ് ഈടാക്കുന്നെന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്ന് പരീക്ഷ കൺട്രോളർ അറിയിച്ചു. വിദ്യാർഥികൾക്ക് എ.ബി.സി/ഡിജിലോക്കർ പോർട്ടൽ വഴി എ.ബി.സി-ഐഡി ഉണ്ടാക്കാം. എ.ബി.സി-ഐഡി സർവകലാശാല സ്റ്റുഡന്റ് പോർട്ടലിൽ അപ്ഡേറ്റ് ചെയ്യണം. ഇതിന് ഫീസ് ഈടാക്കുന്നില്ല. സ്റ്റുഡന്റ് പോർട്ടലിൽ സൈൻഅപ്പ് ചെയ്തവർക്ക് രജിസ്റ്റർ നമ്പർ ഉപയോഗിച്ച് ലോഗിൻ ചെയ്ത് ഐഡി അപ്ഡേറ്റ് ചെയ്യാം.
ലോഗിൻ ചെയ്യുന്നവരെ തിരിച്ചറിയാൻ, സൈൻഅപ്പ് ചെയ്യാൻ ഉപയോഗിച്ച മൊബൈൽ നമ്പറിലേക്കും ഇ- മെയിൽ ഐഡിയിലേക്കും അയക്കുന്ന ഒ.ടി.പി നൽകി വെരിഫൈ ചെയ്യണം. പോർട്ടലിൽ സൈൻഅപ്പ് ചെയ്യാത്തവർക്ക് അതിനുമുമ്പ് ഫോൺ നമ്പറോ മെയിൽ ഐഡിയോ മാറ്റണമെന്നുണ്ടെങ്കിൽ അതത് പ്രിൻസിപ്പൽമാർക്ക് കോളജ് പോർട്ടൽ മുഖേന മാറ്റാൻ സൗകര്യമുണ്ട്. ഈ സൗകര്യം എടുത്തുകളഞ്ഞെന്നത് ശരിയല്ല.
തുടർന്ന് ഉപയോഗിക്കുന്ന ഫോൺ നമ്പറും ഇ- മെയിൽ ഐഡിയും ഉപയോഗിച്ചുതന്നെ സ്റ്റുഡന്റ് പോർട്ടലിൽ സൈൻഅപ്പ് ചെയ്യുന്നവർക്ക് പിന്നീട് ലോഗിൻ ചെയ്യാൻ പ്രയാസമില്ല. എന്നാൽ, സ്റ്റുഡന്റ് പോർട്ടലിൽ ഫോൺ നമ്പർ, ഇ-മെയിൽ എന്നിവ നൽകി സൈൻഅപ്പ് ചെയ്തവർ പിന്നീട് വിവരങ്ങൾ മാറ്റാൻ സർവകലാശാലയെ സമീപിക്കണം. എ.ബി.സി-ഐഡി നിർമിക്കേണ്ടതും അത് സർവകലാശാല പോർട്ടലിൽ അപ്ഡേറ്റ് ചെയ്യേണ്ടതും വിദ്യാർഥികൾക്ക് ക്രെഡിറ്റ് വിവരങ്ങൾ തുടർ വിദ്യാഭ്യാസത്തിനും ജോലിക്കും മറ്റും ബന്ധപ്പെട്ട സ്ഥാപനങ്ങൾക്ക് ഡിജിലോക്കർ മുഖേന എളുപ്പത്തിൽ ലഭ്യമാക്കാൻ അനിവാര്യമാണെന്നും കൺട്രോളർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

