വളയത്തിനു പിന്നാലെ ഉമ്മത്തൂരിലും ആടുകൾക്ക് ജീവഹാനി; ആധിയിൽ ക്ഷീരകർഷകർ
text_fieldsനാദാപുരം: മൃഗാശുപത്രികളിൽ ചികിത്സ ലഭ്യമാകുന്നില്ലെന്ന പരാതി വ്യാപകമാകുന്നതിനിടെ ചെക്യാട് പഞ്ചായത്തിലെ ഉമ്മത്തൂരിലും ആടുകൾ ചികിത്സ കിട്ടാതെ ചത്തതായി പരാതി. ഉമ്മത്തൂരിലെ തയ്യുള്ളതിൽ ബാലന്റെ മൂന്നു നവജാത ആടുകളാണ് ശനിയാഴ്ച ചത്തത്. കഴിഞ്ഞ ദിവസം വളയം ഒന്നാം വാർഡിൽ ചികിത്സ കിട്ടാതെ ആടുകൾ ചത്തത് വൻ പ്രതിഷേധത്തിനിടയാക്കിയിരുന്നു. മേഖലയിൽ ഓരോ പഞ്ചായത്തിലും മൃഗാശുപത്രികൾ പ്രവർത്തിക്കുന്നുണ്ടെങ്കിലും എവിടെയും ഡോക്ടർമാരില്ല. എടച്ചേരി, തൂണേരി, ചെക്യാട്, നാദാപുരം എന്നിവിടങ്ങളിൽ ക്ലിനിക്കുകൾ ഡോക്ടർമാരില്ലാതെ അടഞ്ഞുകിടക്കുകയാണ്.
വളയത്ത് ഒരു ഡോക്ടറുണ്ടെങ്കിലും ആവശ്യമായ സേവനം ലഭിക്കാറില്ലെന്ന് നാട്ടുകാർ പരാതിപ്പെടുന്നു. ഇതേതുടർന്ന് വളർത്തുമൃഗങ്ങളിൽനിന്ന് ലഭിക്കുന്ന വരുമാനം മുഖ്യതൊഴിലും ഉപജീവനമാർഗവുമായി സ്വീകരിച്ച പലർക്കും വൻ സാമ്പത്തികനഷ്ടമാണ് ഉണ്ടാകുന്നത്.
വളയത്ത് ആടുകളിൽനിന്ന് സ്വീകരിച്ച രക്തസാമ്പ്ൾ കോഴിക്കോട്ടെ ലാബിലേക്ക് അയച്ചിട്ടുണ്ട്. ഇവയുടെ പരിശോധനഫലം പുറത്തുവന്നാൽ മാത്രമേ രോഗബാധയുടെ യഥാർഥ കാരണം വ്യക്തമാകൂ.
ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് അധികൃതർ പറയുമ്പോഴും ക്ഷീരകർഷകരുടെ ആധി വർധിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

