ഉള്ള്യേരി: അത്തോളിയിലെ ഫാൻസി കടയിൽ സാധനങ്ങൾ വാങ്ങാൻ വന്ന സഹോദരിമാരായ യുവതികൾക്കുനേരെ നഗ്നത പ്രദർശനം നടത്തിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. യുവതികളുടെ പരാതിപ്രകാരം പൂളാടിക്കുന്നിൽ വാടകക്ക് താമസിക്കുന്ന ഓട്ടോ ഡ്രൈവറായ പുതിയാപ്പ സ്വദേശി കായക്കലകത്ത് മിഥുനെയാണ് (30) അറസ്റ്റ് ചെയ്തത്.
പെൺകുട്ടികൾ സാധനങ്ങൾ വാങ്ങാൻ കടയിൽ കയറിയപ്പോൾ യുവാവും കടയിൽ കയറി. കടക്കാരൻ അലമാരയിൽനിന്ന് സാധനങ്ങൾ എടുക്കുന്ന സമയത്താണ് യുവാവ് യുവതികൾക്കുനേരെ നഗ്നത പ്രദർശനം നടത്തിയത്. തിങ്കളാഴ്ച വൈകീട്ട് ഏഴോടെയാണ് സംഭവം. യുവതികൾ ബഹളംവെച്ചതോടെ യുവാവ് പുറത്തേക്ക് ഓടി. കടക്കാരും നാട്ടുകാരും യുവാവിനെ ഓടിച്ചിട്ട് പിടിക്കുകയായിരുന്നു.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ അത്തോളി പൊലീസ് സബ് ഇൻസ്പെക്ടർമാരായ ഹബീബുല്ല, കെ.ടി. രഘു എന്നിവർ യുവാവിനെ കസ്റ്റഡിയിലെടുത്തു. പ്രതിയുടെ അമ്മയെയും ഭാര്യയെയും സ്റ്റേഷനിൽ വിളിച്ചുവരുത്തിയ ശേഷം ജാമ്യത്തിൽ വിട്ടയച്ചു.