കോർപറേഷൻ അക്കൗണ്ടിൽനിന്ന് കൂടുതൽ തുക നഷ്ടപ്പെട്ടെന്ന് യു.ഡി.എഫ്
text_fieldsകോഴിക്കോട്: പി.എൻ.ബി ബാങ്കിൽനിന്ന് കോർപറേഷൻ അക്കൗണ്ടിലെ വൻ തുക പിൻവലിച്ചതുമായി ബന്ധപ്പെട്ട് കാര്യങ്ങൾ ചർച്ചചെയ്യാൻ അടിയന്തര കൗൺസിൽ യോഗം വിളിക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് കൗൺസിൽ നേതാക്കൾ മേയർക്ക് കത്ത് നൽകി. അമൃത് ഫണ്ടിൽനിന്നുള്ള ഒരുകോടിയോളം രൂപയും അക്കൗണ്ടിൽനിന്ന് നഷ്ടപ്പെട്ടതായും ഇതുവരെ മൂന്നരക്കോടിയോളം നഷ്ടമായെന്നും കൗൺസിൽ നേതാക്കളായ കെ.സി. ശോഭിത, കെ. മൊയ്തീൻ കോയ എന്നിവർ വാർത്തസമ്മേളനത്തിൽ ആരോപിച്ചു.
സെക്രട്ടറിയെ മാറ്റിനിർത്തി സംഭവത്തിൽ അന്വേഷണം നടത്തണം. വിജിലൻസിനും തദ്ദേശവകുപ്പ് മേഖല ജോ. ഡയറക്ടർക്കും പരാതി നൽകിയതായും നേതാക്കൾ അറിയിച്ചു. അക്കൗണ്ട് കൃത്യമായി പരിശോധിക്കണമെന്ന ചട്ടം പാലിക്കാത്തതാണ് തട്ടിപ്പിന് കാരണം.
ബാങ്ക് മാനേജർ പരിശോധിച്ചപ്പോൾ മാത്രമാണ് തട്ടിപ്പ് മനസ്സിലായത്. സെക്രട്ടറിക്ക് ഇക്കാര്യത്തിൽ ധാരണയില്ല. കാലാവധി തീർന്ന കേന്ദ്രത്തിന്റെ പല ഫണ്ടുകളും ബാങ്കിൽ വെറുതെ കിടക്കുകയാണ്. ഓഡിറ്റ് പരിശോധന റിപ്പോർട്ട് അപാകതകളിൽ സൂചന നടത്തിയിട്ടും മുൻകരുതലെടുത്തില്ല.
കോർപറേഷന് പല ബാങ്കുകളിൽ മുപ്പതിലേറെ അക്കൗണ്ടുകളാണുള്ളത്. ഇവ തമ്മിൽ ഏകോപിപ്പിക്കാൻ നടപടിയില്ല. ഇടക്കിടെ തട്ടിപ്പ് നടക്കുന്ന സാഹചര്യത്തിൽ ധാർമികതയേറ്റെടുത്ത് ഭരണക്കാർ രാജിവെക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു. വാർത്തസമ്മേളനത്തിൽ കൗൺസിലർമാരായ കെ. നിർമല, എം.സി. സുധാമണി തുടങ്ങിയവരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

