സൗത്ത് നിയോജക മണ്ഡലത്തിൽ യു.ഡി.എഫ് സമഗ്രാധിപത്യം; കോർപറേഷൻ തെരഞ്ഞെടുപ്പിൽ മണ്ഡലമാകെ യു.ഡി.എഫ് 32913 വോട്ടുകൾ നേടിയപ്പോൾ എൽ.ഡി.എഫിന് ലഭിച്ചത് 7760 വോട്ടുകൾ
text_fieldsകോഴിക്കോട്: കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിനെ കൈവിട്ട് എൽ.ഡി.എഫിനെ ജയിപ്പിച്ച കോഴിക്കോട് സൗത്ത് നിയോജകമണ്ഡലം കോർപറേഷൻ തെരഞ്ഞെടുപ്പിൽ ഐക്യമുന്നണിയെ നെഞ്ചോട് ചേർത്തു. മണ്ഡലത്തിലെ 23 വാർഡുകളിൽ 12 എണ്ണം യു.ഡി.എഫിനെ തുണച്ചപ്പോൾ, എൽ.ഡി.എഫ് അഞ്ച് വാർഡുകളിൽ ഒതുങ്ങി. ബി.ജെ.പിക്ക് കഴിഞ്ഞ കൗൺസിലിൽ രണ്ട് മെംബർമാരാണ് സൗത്ത് നിയോജകമണ്ഡലത്തിൽനിന്ന് ഉണ്ടായിരുന്നത്.
ഇത്തവണ ആറ് വാർഡുകൾ ബി.ജെ.പിക്ക് ലഭിച്ചു. സൗത്ത് മണ്ഡലത്തിൽ നഷ്ടപ്പെട്ടവയിൽ എൽ.ഡി.എഫിന്റെ തീരദേശത്തെ കുത്തക സീറ്റുകൾ ഉൾപ്പെടും. 32,913 വോട്ടുകളാണ് യു.ഡി.എഫ് സൗത്ത് നിയോജകമണ്ഡലത്തിലെ വാർഡുകളിൽ നിന്ന് നേടിയത്. എൽ.ഡി.എഫ് 7760 വോട്ടുകളും എൻ.ഡി.എ 7989 വോട്ടുകളും നേടി. പാളയം,മേത്തോട്ട് താഴം, കുറ്റിയിൽതാഴം പൊക്കുന്ന്, പറയഞ്ചേരി വാർഡുകളാണ് എൽ.ഡി.എഫ് നേടിയത്. പയ്യാനക്കൽ, ചക്കും കടവ്, കുറ്റിച്ചിറ, മുഖദാർ, കിണാശ്ശേരി ആഴ്ചവട്ടം, കല്ലായി, മീഞ്ചന്ത, തിരുവണ്ണൂർ, കൊമ്മേരി, നദീനഗർ, ചക്കുംകടവ് വാർഡുകളിലാണ് യു.ഡി.എഫ് ജയിച്ചത്.
ചാലപ്പുറം, പുതിയറ, കുതിരവട്ടം, പൊറ്റമ്മൽ, മാവൂർ റോഡ്, പന്നിയങ്കര വാർഡുകൾ എൻ.ഡി.എ നേടി. എൽ.ഡി.എഫിന്റെ മേയർ സ്ഥാനാർഥിയായി മത്സരിച്ച സി.പി. മുസാഫർ അഹമ്മദ് തോറ്റ മീഞ്ചന്ത വാർഡിൽ 2020ൽ ബി.ജെ.പി ജയിച്ചതായിരുന്നു. പന്നിയങ്കര വാർഡിൽ നേരത്തെ ലീഗ് ആണ് വിജയിച്ചത്.
ഇത്തവണ ലീഗ് സൗത്ത് നിയോജകമണ്ഡലം പ്രസിഡന്റ് മത്സരിച്ച വാർഡ് എൻ.ഡി.എ പിടിച്ചു. ചാലപ്പുറം, വലിയങ്ങാടി (പഴയ വാർഡ്) പന്നിയങ്കര തുടങ്ങിയ വാർഡുകൾ വെട്ടിമുറിച്ചത് ബി.ജെ.പിക്ക് തുണയായി.2021ലെ നിയമസഭ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്ഥാനാർഥി അഹമ്മദ് ദേവർ കോവിൽ നേടിയ ഭൂരിപക്ഷം 12,448 ആണ്.
2024 ലെ പാർലമെന്റ് തെരഞ്ഞെടുപ്പിൽ യു.ഡി.എഫിലെ എം.കെ. രാഘവൻ നേടിയ ഭൂരിപക്ഷം 23,000 ആണ്. 2019ലെ കണക്ക് പ്രകാരം സൗത്ത് നിയോജകമണ്ഡലത്തിലെ വോട്ടർമാരുടെ എണ്ണം 1, 49, 054 ആണ്. 2008ലെ നിയമസഭ മണ്ഡല പുനർനിർണയത്തോടെയാണ് സൗത്ത് നിയോജകമണ്ഡലം നിലവിൽ വന്നത്. സൗത്തിൽ യു.ഡി.എഫിന് കനത്ത തിരിച്ചടിയായത് മുസ്ലിം ന്യുനപക്ഷവോട്ടുകൾ എൽ.ഡി.എഫിന് ഏതിരായി ഏകീകരിക്കപ്പെട്ടതിനാലാണ് എന്നാണ് വിലയിരുത്തൽ.
കക്കൂസ് മാലിന്യ പ്ലാന്റിനെതിരെ നടന്ന ജനകീയ സമരത്തെ തീവ്രവാദികളുടെ സമരമാക്കി ചിത്രീകരിച്ചതിനെതിരെ വലിയ വികാരമാണ് തീരദേശമേഖലയിൽ ഉണ്ടായിരുന്നത്.കോർപറേഷൻ തെരഞ്ഞെടുപ്പിൽ ഇത് വലിയ തോതിൽ യു.ഡി.എഫ് പ്രചാരണായുധമാക്കി. കെ-റെയിൽ സമരത്തെ തുടർന്നുള്ള പൊലീസിന്റെ ക്രൂര നടപടികളും ഈ മേഖലയിൽ കടുത്ത പ്രതിഷേധം സർക്കാറിനെതിരെ ഉയർത്തിയിരുന്നു.
നഗരത്തിന്റെ മറ്റുഭാഗങ്ങളിൽ വലിയ തോതിലുള്ള വികസനം നടന്നപ്പോൾ ജനസാന്ദ്രതയേറെയുള്ള തീരദേശമേഖലയിലടക്കം റോഡ് ഉൾപ്പെടെ അടിസ്ഥാന വിഷയങ്ങളിൽ അവഗണനയുണ്ടായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

