ഉരുൾപൊട്ടി രണ്ടുവർഷം; കണ്ണീരുണങ്ങാതെ വിലങ്ങാട്
text_fieldsനാദാപുരം: ദുരന്തപ്പെയ്ത്തിൽ വിലങ്ങാട് വിറങ്ങലിച്ചുപോയ ഉരുൾപൊട്ടൽ ദുരന്തത്തിന് ഇന്ന് രണ്ടാണ്ട്. ദുരന്തം ഏറെ ദുരിതം വിതച്ച മഞ്ഞച്ചീളിലെ ആറ് കുടുംബങ്ങൾ ഭീതിയുടെ നിഴൽ വിട്ടൊഴിയാതെ ഇന്നും അധികൃതരുടെ കാരുണ്യം തേടുന്നു. ജനങ്ങളുടെ സങ്കടങ്ങൾക്കും പരാതികൾക്കും പരിഹാരമായില്ല. മഞ്ഞച്ചീളിലാണ് ഉരുൾപൊട്ടൽ ഏറ്റവും വലിയ നാശം വിതച്ചത്. നിരവധി വീടുകളും കച്ചവട സ്ഥാപനങ്ങളും വാഹനങ്ങളുമാണ് ഇവിടെ മണ്ണിനടിയിൽ ആയത്. പ്രദേശത്തെ നീർച്ചാലിന് ഇരുവശത്തുമായി ആറ് കുടുംബങ്ങളാണ് സുരക്ഷിതത്വമില്ലാതെ ഭീതിയുടെ നിഴലിൽ കഴിയുന്നത്. ചെറിയൊരു മഴ പെയ്താൽ പോലും വീണ്ടും മലയിടിച്ചിൽ ഉണ്ടാകുമോ എന്ന കനത്ത ഭീതിയിലാണ് ഇവിടുത്തെ നിവാസികൾ.
പുനരധിവാസം അടിയന്തരമായി നടപ്പാക്കണം
അപകടാവസ്ഥ വിട്ടുമാറാത്ത ഈ പ്രദേശത്ത് രോഗികളും വയോധികരും ഭിന്നശേഷിക്കാരും അടങ്ങുന്ന കുടുംബങ്ങളാണ് അന്തിയുറങ്ങുന്നത്. അടിയന്തര സാഹചര്യമുണ്ടായാൽ സുരക്ഷിതമായൊരിടത്തേക്ക് മാറിത്താമസിക്കാൻ പോലും ഇവർക്ക് മാർഗമില്ല. ‘മഴയുടെ ശബ്ദം കേൾക്കുമ്പോൾ തന്നെ നെഞ്ചുപിടയ്ക്കും. കച്ചവടവും കൃഷിയും പോയി, ഒപ്പം കിടപ്പുരോഗികളായ മനുഷ്യരെയും കൊണ്ട് എങ്ങോട്ട് ഓടി രക്ഷപ്പെടാനാണ്? അധികാരികൾ ഞങ്ങളെ തീർത്തും ഉപേക്ഷിച്ച മട്ടാണ്’ -പ്രദേശവാസികൾ സങ്കടത്തോടെ പറയുന്നു.
ഇനിയൊരു ദുരന്തത്തിന് കാത്തുനിൽക്കാതെ, അർഹമായ നഷ്ടപരിഹാരം ലഭ്യമാക്കാനും സുരക്ഷിതമായ സ്ഥലത്ത് അടിയന്തര പുനരധിവാസം ഉറപ്പാക്കാനും സർക്കാർ തലത്തിൽ നടപടിയുണ്ടാകണമെന്നാണ് നാട്ടുകാരുടെ ഏക ആവശ്യം.
വ്യാപാരികൾക്കും കർഷകർക്കും കടുത്ത അവഗണന
ദുരന്തത്തിൽ കടകമ്പോളങ്ങളും ജീവിതമാർഗങ്ങളും തകർന്നടിഞ്ഞ വ്യാപാരികൾക്ക് ഇതുവരെ അർഹമായ നഷ്ടപരിഹാരം ലഭ്യമായിട്ടില്ല. പ്രകൃതിയുടെ താണ്ഡവത്തിൽ ഏക്കറുകണക്കിന് കൃഷിഭൂമിയും വിളകളും നശിച്ചുപോയ കർഷകർക്കും ചില്ലിക്കാശ് പോലും ആശ്വാസധനമായി ലഭിച്ചിട്ടില്ലെന്നത് ദുരന്തത്തിന്റെ ആഘാതം കൂട്ടുന്നു. കൃഷിയും കച്ചവടവും ഒരുപോലെ തകർന്നതോടെ പ്രദേശത്തെ ജനങ്ങൾ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

