കക്കയം ഡാമിന്റെ രണ്ട് ഷട്ടറുകൾ തുറന്നു; ജാഗ്രത
text_fieldsകോഴിക്കോട്: കനത്ത മഴയിൽ കക്കയം ഡാമിലേക്കുള്ള നീരൊഴുക്ക് ശക്തമായതിനെ തുടര്‍ന്ന് ഡാമിന്റെ രണ്ട് ഷട്ടറുകളും തുറന്നു. പരമാവധി ജലനിരപ്പായ 758.05 മീറ്ററില്‍ എത്തിയതോടെയാണ് ഇരു ഷട്ടറുകളും തുറന്നത്. 15 സെന്റിമീറ്റര്‍ വീതമാണ് തുറന്നതെന്ന് എക്സി. എൻജിനീയര്‍ അറിയിച്ചു. നേരത്തേ ജലനിരപ്പ് 757.50 മീറ്ററില്‍ എത്തിയതിനാല്‍ ഡാമില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. ഡാമിന്റെ സുരക്ഷ മുന്‍നിര്‍ത്തിയാണ് ഷട്ടറുകള്‍ തുറന്ന് അധികജലം പുഴയിലേക്ക് ഒഴുക്കിവിടുന്നത്.
ഇതേത്തുടര്‍ന്ന് കുറ്റ്യാടി പുഴക്കരകളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ല കലക്ടര്‍ നിർദേശം നല്കി. നീരൊഴുക്ക് കൂടുന്നതിനനുസരിച്ച് ഷട്ടറുകള്‍ ഘട്ടംഘട്ടമായി അഞ്ച് അടി വരെ ഉയര്‍ത്തിയേക്കും. ഇതോടെ പുഴയിലെ ജലനിരപ്പ് നാല് അടി വരെ ഉയരാന്‍ സാധ്യതയുണ്ടെന്നും അധികൃതര്‍ അറിയിച്ചു. ദിവസങ്ങളായി നീണ്ടുനിൽക്കുന്ന മഴ ജനജീവിതം ദുസ്സഹമാക്കി. വൻതോതിൽ കൃഷിനഷ്ടവും ഉണ്ടായി.
നിലക്കാതെ ചെയ്യുന്ന മഴയിൽ താഴ്ന്ന പ്രദേശങ്ങളും തീരദേശ മേഖലകളും വെള്ളത്തിലായി. ചുരുങ്ങിയ സമയംകൊണ്ട് ശക്തമായ മഴയാണ് പെയ്യുന്നത്. ശക്തമായ മഴ പെയ്യുന്നതിനാൽ മലയോര മേഖലയിൽ മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ളതിനാൽ ഈ പ്രദേശങ്ങളിലുള്ളവർ ജാഗ്രത പുലർത്തണമെന്ന് അധികൃതർ അറിയിച്ചു. ശക്തമായ കാറ്റോടു കൂടിയ മഴ ഏറെ നഷ്ടമാണ് ജില്ലയിൽ കഴിഞ്ഞ ദിവസങ്ങളിൽ വിതച്ചത്.
കടൽതീരങ്ങളിൽ കടലാക്രമണം ശക്തമാണ്. കാറ്റിൽ മരങ്ങൾ കടപുഴകി വീണും പോസ്റ്റുകൾ തകർന്നും വൻനഷ്ടം സംഭവിച്ചു. നഗരപ്രദേശങ്ങളിലും പൊതുവെ താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടു. പുഴകൾ നിറഞ്ഞുകവിഞ്ഞു. ചാലിയാർ, ചെറുപുഴ എന്നിവ കരകവിഞ്ഞൊഴുകിയതോടെ മാവൂരിൽ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. വീടുകളിൽ വെള്ളം കയറിയതിനെ തുടർന്ന് നാല് കുടുംബങ്ങളെ മാറ്റിത്താമസിപ്പിച്ചു. കച്ചേരിക്കുന്ന് അബ്ദുൽ ലത്തീഫ്, കച്ചേരിക്കുന്ന് ശ്രീവള്ളി, പുലിയപ്രം സത്യൻ, പുലിയപ്രം ശ്രീധരൻ എന്നിവരുടെ കുടുംബങ്ങളെയാണ് മാറ്റിപ്പാർപ്പിച്ചത്. ഇടറോഡുകളെല്ലാം വെള്ളത്തിനടിയിലായി ഗതാഗതം മുടങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

