കൊലപാതകം അറിയിച്ചിട്ടും സ്ഥലത്തെത്തിയില്ല; രണ്ട് പൊലീസുകാർക്ക് സസ്പെന്ഷന്
text_fieldsബേപ്പൂർ: കൊലപാതകത്തെക്കുറിച്ച് വിവരം അറിയിച്ചിട്ടും സ്ഥലത്തെത്താതിരുന്ന സംഭവത്തില്‍ രണ്ട് പൊലീസുകാര്‍ക്കെതിരെ നടപടി. ബേപ്പൂര്‍ പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എ.എസ്.ഐ ആനന്ദന്, സി.പി.ഒ ജിതിന് ലാല്‍ എന്നിവരെയാണ് ജില്ല പൊലീസ് മേധാവി സസ്പെന്‍ഡ് ചെയ്തത്. രഹസ്യാന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
മേയ് 24ന് ബേപ്പൂർ ഫിഷിങ് ഹാർബർ റോഡ് ജങ്ഷനിലെ ത്രീസ്റ്റാർ ലോഡ്ജില്‍ നടന്ന കൊലപാതകവുമായി ബന്ധപ്പെട്ടാണ് ഇവര്‍ക്കെതിരെ നടപടിയെടുത്തത്. മത്സ്യത്തൊഴിലാളി സോളമനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ദിവസം ലോഡ്ജിന്റെ ചവിട്ടുപടിയില്‍ രക്തം കണ്ടെന്നും മുറിയില്‍നിന്ന് ബഹളം കേട്ടെന്നും ഒരു അന്തർ സംസ്ഥാന തൊഴിലാളി പൊലീസുകാരെ അറിയിച്ചിരുന്നു. എന്നാല്‍ ഇയാളെ ചീത്ത പറഞ്ഞ് ഓടിച്ച പൊലീസുകാര്‍ സംഭവം നടന്ന സ്ഥലത്തേക്ക് പോയിനോക്കിയില്ലെന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ കണ്ടെത്തല്‍.
സോളമനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ദിവസം സംഭവസ്ഥലത്തിന് 50 മീറ്റര്‍ ദൂരത്ത് പൊലീസ് ജീപ്പ് ഉണ്ടായിരുന്നു. അന്തർ സംസ്ഥാന തൊഴിലാളി കൊലപാതക വിവരം പൊലീസുകാരോട് വന്നുപറഞ്ഞു. എന്നാല്‍, ഇയാളെ ജീപ്പിലുണ്ടായിരുന്ന രണ്ട് പൊലീസുകാര്‍ ‘മരം വീണത് നോക്കാനാണ് എത്തിയത്, നീ നിന്റെ പണിനോക്കി പോയ്ക്കോ’ എന്നുപറഞ്ഞ് ഓടിച്ചെന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ട്. ഉടന്‍ ബേപ്പൂര്‍ പൊലീസ് സ്റ്റേഷനിലെത്തി പാറാവിന്റെ ചുമതലയുള്ള പൊലീസുകാരനെ വിവരമറിയിച്ചിട്ടും നടപടിയുണ്ടായില്ലെന്നാണ് ആക്ഷേപം.
ത്രീസ്റ്റാര്‍ ലോഡ്ജില്‍ അനീഷ് എന്നയാള്‍ എടുത്ത വാടകമുറിയില്‍ മൂന്നു ദിവസത്തേക്ക് അതിഥിയായി താമസിച്ചുവന്ന കൊല്ലം വാടിക്കല്‍ മുദാക്കര ജോസ് (35) എന്നയാളാണ് കൊലപാതകം നടത്തിയതെന്ന് പിന്നീട് പൊലീസ് കണ്ടെത്തി. സ്പെഷല്‍ സ്ക്വാഡ് തിരുവനന്തപുരം, കൊല്ലം ഭാഗങ്ങളില്‍ അന്വേഷണം നടത്തിയാണ് ഇയാളെ പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

