കവർച്ച കേസിൽ രണ്ടു പേർ അറസ്റ്റിൽ
text_fieldsരാമനാട്ടുകര: ടൗണിൽ കവർച്ച നടത്തിയ സംഘം മണിക്കൂറുകൾക്കുള്ളിൽ ഫറോക്ക് പൊലീസ് പിടിയിൽ. കഴിഞ്ഞ ദിവസം രാമനാട്ടുകര ടൗണിലെ ഓട്ടോ ഡ്രൈവറായ രതീഷിന്റെ ഓട്ടോ നുബിൻ അശോക്, സൂരജ്, ശരൺ ദാസ് എന്നിവർ കാലിക്കറ്റ് ബാറിന് മുന്നിൽനിന്നു കൈ കാണിച്ചു നിർത്തി ഓട്ടോയിൽ കയറി നിസരി ജങ്ഷനിൽ പോവണം എന്ന് പറഞ്ഞു.
തോട്ടുങ്ങൽ ബസ് സ്റ്റോപ്പിനടുത്ത് കാട് നിറഞ്ഞ സ്ഥലത്ത് ഓട്ടോ നിർത്താൻ ആവശ്യപ്പെടുകയായിരുന്നു. ഓട്ടോയിൽ ഇരുന്നു മയക്കു മരുന്ന് ഉപയോഗിക്കാൻ ശ്രമിക്കുകയും അത് തടഞ്ഞ ഡ്രൈവർ രതീഷിനെ അടിച്ചു പരിക്കേൽപിക്കുകയും, പോക്കറ്റിൽനിന്നു 850 രൂപയും മൊബൈൽ ഫോണും കവർന്നെടുക്കുകയും ചെയ്തു.
പരാതി നൽകാൻ ഫറോക്ക് സ്റ്റേഷനിലെത്തിയ പരാതിക്കാരൻ ക്രിമിനൽ ആൽബം കാണുകയും പ്രതികളെ തിരിച്ചറിയുകയുമായിരുന്നു. കേസിലെ പ്രതികളായ കണ്ണൻ എന്ന നുബിൻ അശോക്, കുഞ്ഞാവ എന്ന സൂരജ് എന്നിവരെ ഫറോക്ക് ഇൻസ്പെക്ടർ പി.എസ്. ഹരീഷിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ എസ്.ഐ. പി.ടി. സൈഫുള്ള, സിവിൽ ഓഫിസർമാരായ അഷ്റഫ്, സനീഷ്, സുകേഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.
നിരവധി മോഷണ കേസുകളും, കവർച്ച കേസുകളും, മയക്കു മരുന്ന് കേസുകളും, ഉൾപ്പെടെ എട്ടോളം കേസുകളിൽ പ്രതിയായ നുബിൻ അശോകിനെ പുലർച്ചെ അഞ്ചു മണിയോടെ വീട് വളഞ്ഞു പിടികൂടുകയായിരുന്നു.
കവർച്ചയും മോഷണവും സ്ഥിരമായി ചെയ്യുന്ന ഇയാൾക്കെതിരെ പൊലീസിൽ പരാതി പറയാൻവരെ ആളുകൾക്ക് ഭയമാണെന്നും ഇയാൾക്കെതിരെ കാപ്പ പോലത്തെ നിയമനടപടികൾ കൈക്കൊള്ളുന്നതിനെ കുറിച്ച് പരിശോധിക്കുമെന്നും ഇൻസ്പെക്ടർ പി.എസ്. ഹരീഷ് പറഞ്ഞു. കോടതി പ്രതികളെ റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.