പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ രണ്ടു പേർകൂടി അറസ്റ്റിൽ
text_fieldsഎലത്തൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ രണ്ടു പേർകൂടി അറസ്റ്റിൽ. പുറക്കാട്ടിരി പെരിയായിൽ സുബിൻ (22), കൊളത്തൂർ കുന്നത്ത് സിറാജ് (38) എന്നിവരെയാണ് പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. സുബിനെ വീട്ടിൽനിന്നും സിറാജിനെ ഉള്ള്യേരിയിലെ ബാങ്കിൽനിന്നുമാണ് പിടികൂടിയത്. കേസിലെ മുഖ്യപ്രതി പുറക്കാട്ടിരി നാലുവയൽ കോളനിയിലെ അബ്ദുൽ നാസർ (52) കസ്റ്റഡിയിലാണ്. പെൺകുട്ടിയുമായി കടന്ന അബ്ദുൽ നാസറിനെ കർണാടകയിലെ ചന്നപട്ടണത്തുവെച്ച് എലത്തൂർ പൊലീസ് ഇൻസ്പെക്ടർ എ. സായുജ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടുകയായിരുന്നു.
കൗൺസലിങ്ങിനു വിധേയമാക്കിയ പെൺകുട്ടിയെ മാതാവിനൊപ്പം കഴിഞ്ഞ ദിവസം വിട്ടയച്ചിരുന്നു. പിടിയിലായ സുബിനെതിരെ പോക്സോ കേസ് ചുമത്തിയിട്ടുണ്ട്. സൗത്ത് അസിസ്റ്റൻറ് കമീഷണർ പി. ബാബുരാജാണ് കേസ് അന്വേഷിക്കുന്നത്. എലത്തൂർ സ്റ്റേഷൻ ഇൻസ്പെക്ടർ സായൂജ് കുമാറിന്റെ നേതൃത്വത്തിൽ എസ്.ഐ കെ.ആർ. രാജേഷ്, എ.എസ്.ഐ കെ.പി. സജീവൻ, സി.പി.ഒ അനീഷ് കുമാർ, സീനിയർ സി.പി.ഒമാരായ കെ.പി. ദീപ്തിഷ്, ബിജു മോഹൻ, സി.പി.ഒ എൻ. വിപിൻ എന്നിവരാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. കേസിൽ മൂന്നു പേർകൂടി പിടിയിലാകാനുണ്ട്.

