പണവും മൊബൈലും കവർന്ന കേസ്: രണ്ടുപേർ പിടിയിൽ
text_fieldsഅൻവർ, ഷാജിമോൻ
നല്ലളം: പാതയോരത്തെ കാടുവെട്ടാൻ കൊണ്ടുപോയി ഇതര സംസ്ഥാന തൊഴിലാളികളുടെ പണവും മൊബൈൽ ഫോണും കവർന്ന സംഘത്തിലെ രണ്ടുപേർ പൊലീസിന്റെ പിടിയിലായി. ആലപ്പുഴ പുറക്കാട് കൈതവളപ്പിൽ വീട്ടിൽ അൻവർ (36), കൊല്ലം കുളത്തൂർപുഴ നിസാർ മൻസിലിൽ ഷാജിമോൻ എന്ന ഷാജഹാൻ (46) എന്നിവരെയാണ് ഫറോക്ക് അസി. കമീഷണർ എ.എം. സിദ്ദീഖിന്റെ നേതൃത്വത്തിലുള്ള സ്പെഷൽ സ്ക്വോഡും നല്ലളം ഇൻസ്പെക്ടർ കെ. സുമിത്കുമാറും ചേർന്ന് എറണാകുളം കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിനടുത്തുനിന്ന് പിടികൂടിയത്.
11,500 രൂപയും 20,000 രൂപ വിലയുള്ള മൊബൈൽ ഫോണുമടങ്ങിയ ബാഗുകൾ നഷ്ടപ്പെട്ടതായി ബംഗാൾ സ്വദേശികളായ റജാവുൽ അലി, അബ്ദുൽ കരീം മോണ്ടാൽ എന്നിവരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. പ്രതികൾ ഇത്തരത്തിൽ അന്തർ സംസ്ഥാന തൊഴിലാളികളെ കബളിപ്പിച്ച് മോഷണം നടത്തുന്ന സംഘമാണെന്ന് പൊലീസ് പറഞ്ഞു. പന്തീരാങ്കാവ് സ്റ്റേഷനു കീഴിൽ കഴിഞ്ഞ വർഷം ഇതേ സംഭവം ഉണ്ടായിട്ടുണ്ടെന്നും കൂടാതെ കാടാമ്പുഴ പൊലീസ് സ്റ്റേഷൻ പരിധിയിലും ഇതര സംസ്ഥാനക്കാർ കബളിപ്പിക്കപ്പെട്ടിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.
കാറിൽ സഞ്ചരിച്ച് മോഷണം പതിവാക്കിയ പ്രതികൾ അരീക്കാട് മോഷണം നടത്തി പോകുന്ന വഴിമധ്യേ കാടാമ്പുഴ സ്റ്റേഷൻ പരിധിയിലും സമാന തട്ടിപ്പ് നടത്തി. 5000 രൂപയും മൊബൈൽ ഫോണുമായിരുന്നു ഇവിടെനിന്ന് കവർച്ച ചെയ്തത്. ചാവക്കാടും ഇതേ സംഭവമുണ്ടായി. പന്തീരാങ്കാവ് സംഭവത്തിലും പ്രതികൾ ഇവരാണെന്ന് ബോധ്യപ്പെട്ടതോടെ പ്രസ്തുത കേസിലും പ്രതിചേർക്കുമെന്നും പൊലീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

