തീരദേശത്ത് ഇനി ട്രോളിങ് നിരോധന കാലം; രാത്രികാല പട്രോളിങ് ശക്തമാകും
text_fieldsകൊയിലാണ്ടി: അഞ്ചു മാസമായി വിവിധ പ്രതിസന്ധികൾ കാരണം നിശ്ചലമായി കിടക്കുന്ന തീരദേശത്തിന് ട്രോളിങ് നിരോധനം കൂടിയാവുമ്പോള്‍ പ്രയാസം ഇരട്ടിയാകും. ഒന്നര മാസം കഴിഞ്ഞാലെ ഇനി തീരമേഖലയില്‍ തൊഴിലാളികളുടെ പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാവുകയുളളു.
പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് ട്രോളിങ് നിരോധന കാലത്ത് പണിക്ക് പോകാമെങ്കിലും തുടർച്ചയായി വരുന്ന കാലാവസ്ഥ മുന്നറിയിപ്പുകൾ മൂലം മത്സ്യബന്ധനം അസാധ്യമാവുന്നു. വിദേശ കപ്പലുകളും അന്യസംസ്ഥാന ബോട്ടുകളും ഊറ്റിയെടുക്കുന്ന കടലില്‍ ഇവർക്ക് ലഭിക്കാൻ മത്സ്യമുണ്ടാവുമോ എന്ന ചോദ്യവുമുണ്ട്. ജൂണ്‍ മാസമായാല്‍ സാധാരണ ഗതിയിൽ മത്സ്യമേഖല ഉണരേണ്ടതാണ്.
എന്നാല്‍, കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്ത മഴയും കടല്‍ ക്ഷോഭവും കാരണം മീന്‍ പിടിത്തതിന് നിയന്ത്രണമുണ്ടായിരുന്നു. മാസങ്ങളായി, വരുമാനം നിലച്ചതോടെ മത്സ്യത്തൊഴിലാളികള്‍ കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. കൊയിലാണ്ടി മേഖലയില്‍ ചെറുവളളങ്ങള്‍ നാനൂറോളം വരുമെന്നാണ് ഫിഷറീസ് വകുപ്പിന്റെ കണക്കിലുളളത്. വന്‍കിട യന്ത്രവത്കൃത ബോട്ടുകള്‍ക്കാണ് മണ്‍സൂണ്‍ കാലത്ത് ട്രോളിങ് നിരോധനമുളളത്. ഇത്തരം മുപ്പതോളം ബോട്ടുകളാണ് കൊയിലാണ്ടിയിലുളളത്.
പുതിയാപ്പ, ബേപ്പൂര്‍ ഹാര്‍ബറുകള്‍ കേന്ദ്രീകരിച്ചാണ് വലിയ ബോട്ടുകള്‍ ഉളളത്. ഇരട്ട നെറ്റ് ചൈന വല ഉപയോഗിച്ചും ലൈറ്റടിച്ചുളള മീന്‍ പിടിത്തവും കാരണം കടലില്‍ മത്സ്യസമ്പത്ത്, അനുദിനം കുറഞ്ഞുവരുകയാണ്. ഇരട്ട വല ഉപയോഗിച്ച് അടിത്തട്ടിലെയും ഉപരി തലത്തിലെയും മീനുകള്‍ കോരിയെടുക്കുകയാണ് ചെയ്യപ്പെടുന്നത്. തീരെ ചെറിയ മത്സ്യക്കുഞ്ഞുങ്ങളെ പോലും ഇവർ ഒഴിവാക്കാറില്ല.
കടലില്‍ മത്സ്യസമ്പത്ത് വന്‍തോതില്‍ കുറഞ്ഞതോടെ രാത്രികാല മീന്‍ പിടിത്തത്തിന് വര്‍ഷങ്ങളായി കൊയിലാണ്ടിയില്‍ വിലക്കുമുണ്ട്. രാത്രികാലങ്ങളില്‍ മീന്‍ പിടിച്ചു കൊണ്ടുവരുന്ന വളളങ്ങളെ ഹാര്‍ബറില്‍ അടുപ്പിക്കാനും അനുവദിക്കാറില്ല. എന്നാല്‍, കോഴിക്കോടുനിന്നുളള ചില ബോട്ടുകാർ വിലക്ക് മറികടന്ന് രാത്രികാല മീന്‍ പിടിത്തം നടത്തുന്നതാണ് മത്സ്യ സമ്പത്ത് ഇത്രയും കുറയാന്‍ ഇടയാക്കിയതെന്ന് മത്സ്യത്തൊഴിലാളികള്‍ പറയുന്നു. മംഗലാപുരത്ത്നിന്നും വരുന്ന ചില ബോട്ടുകളും രാത്രികാല മീന്‍ പിടിത്തം തുടരുന്നുണ്ട്.
ഇത് നിയന്ത്രിക്കാന്‍ ഫിഷറീസ് വകുപ്പ് കര്‍ശന നടപടികള്‍ എടുത്തെങ്കിലേ മത്സ്യ സമ്പത്ത് കൂടുകയുളളു. കടലിലെ പാറക്കെട്ടുകള്ക്കുളളിലും മറ്റും വിശ്രമിക്കുന്ന മീനുകളെ പ്രത്യേക തരം ലൈറ്റടിച്ചു ആകര്‍ഷിച്ച ശേഷം ഇരട്ട നെറ്റ് ഉപയോഗിച്ചാണ് പിടിക്കുന്നത്.
മുമ്പ് മത്സ്യത്തൊഴിലാളികള്‍ക്ക് സബ്സിഡി മണ്ണെണ്ണ കൃത്യമായി ലഭിക്കാറുണ്ടായിരുന്നു. എന്നാല്‍, ഇപ്പോള്‍ സബ് സിഡി മണ്ണെണ്ണ തീരെ കിട്ടുന്നില്ല. പലരും കരിഞ്ചന്തയില്‍നിന്ന് അമിത വില നല്‍കിയാണ് മണ്ണെണ്ണ വാങ്ങുന്നത്. മത്സ്യ ലഭ്യതയിലെ കുറവ് അനുബന്ധ മേഖലയിലാകെ തിരിച്ചടിയാവുകയാണ്.
മീന്‍ ലേലത്തിനെടുക്കുന്ന കച്ചവടക്കാര്‍, മീന്‍ കൊണ്ടു പോകുന്ന വണ്ടിക്കാര്, മത്സ്യ വ്യാപാരികള്‍ എന്നിവരെല്ലാം തിരിച്ചടി നേരിടുന്നുണ്ട്. നിയമ വിരുദ്ധ മീന്‍ പിടിത്തത്തിന് തടയിടാന്‍ ഫിഷറീസ് വകുപ്പ് എല്ലാ നടപടികളും എടുക്കുന്നുണ്ടെന്നാണ് അധികൃതര്‍ പറയുന്നത്. ചെറിയ മത്സ്യക്കുഞ്ഞുങ്ങളെ പിടിച്ചാല്‍ കര്‍ശന നടപടികളെടുക്കുന്നുണ്ട്. രാത്രികാല പട്രോളിങ്, ട്രോളിങ് നിരോധന ദിവസങ്ങളില്‍ ശക്തമാക്കാൻ ഒരുങ്ങുകയാണ് അധികൃതർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

