ആദിവാസി വിദ്യാർഥിയെ പൊലീസ് മർദിച്ച സംഭവം: കുട്ടിയുടെ മൊഴിയെടുത്തു
text_fieldsകോഴിക്കോട്: ആദിവാസി വിഭാഗത്തിൽപെട്ട വിദ്യാർഥിയെ പൊലീസ് മർദിച്ച സംഭവത്തിൽ മൊഴിയെടുത്തു. പൊലീസുകാർക്കെതിരായ പരാതിയിൽ അന്വേഷണം നടത്തുന്ന മെഡിക്കൽ കോളജ് അസി. കമീഷണർ കെ. സുദർശനാണ് കക്കാടംപൊയിൽ സ്വദേശിയായ 14കാരനിൽനിന്ന് മൊഴിയെടുത്തത്.
വീട്ടിലെത്തിയ അസി. കമീഷണറുടെ നേതൃത്വത്തിലുള്ള സംഘം ഏതൊക്കെ പൊലീസുകാരാണ് മർദിച്ചത്, അവരെ തിരിച്ചറിയുമോ എന്നതടക്കമുള്ള കാര്യങ്ങൾ ചോദിച്ചു. മൂന്നു പൊലീസുകാർ മർദിച്ചെന്നും ശരീരവേദന മാറിയിട്ടില്ലെന്നും കുട്ടി വ്യക്തമാക്കി.
കുട്ടിയുടെ രക്ഷിതാവ് ചൈൽഡ് ലൈൻ, തിരുവമ്പാടി സ്റ്റേഷൻ എന്നിവിടങ്ങളിൽ പരാതി നൽകിയതോടെയാണ് മർദിച്ച പൊലീസുകാർക്കെതിരെ വകുപ്പുതലത്തിൽ അന്വേഷണം ആരംഭിച്ചത്. കുട്ടിയുടെ രക്ഷിതാക്കൾ രണ്ട് സ്ഥലങ്ങളിലായി ജോലിക്ക് പോവുകയും സഹോദരങ്ങൾ സ്ഥലത്തില്ലാതാവുകയും ചെയ്തതോടെ താമസിക്കാൻ ആർ.ഇ.സിയിലെ ബന്ധുവീട്ടിലേക്ക് അയച്ചിരുന്നു. രാത്രി വൈകി വീട്ടിലെത്തിയതുമായി ബന്ധപ്പെട്ട് കുട്ടിയും ബന്ധുവും തമ്മിൽ കശപിശയുണ്ടായതോടെ കുന്ദമംഗലം സ്റ്റേഷനിലെ മൂന്നു പൊലീസുകാർ സ്ഥലത്തെത്തുകയും കുട്ടിയെ മർദിക്കുകയുമായിരുന്നു.
അതിനിടെ പൊലീസുകാർക്കെതിരായ പരാതി പിൻവലിക്കാൻ വിദ്യാർഥിയെ സ്വാധീനിക്കാനുള്ള ശ്രമവും അണിയറയിൽ നടന്നിരുന്നു. കുന്ദമംഗലം പൊലീസ് സി.പി.എം പ്രവർത്തകൻ മുഖേനയും മറ്റൊരു രാഷ്ട്രീയക്കാരൻ മുഖേനയും പരാതി പിൻവലിക്കാൻ ആവശ്യപ്പെട്ടതായി കുട്ടിയുടെ പിതാവുതന്നെ നേരത്തെ വെളിപ്പെടുത്തിയിരുന്നു. വിദ്യാർഥിയുടെ ചികിത്സക്കാവശ്യമായതടക്കം ഒന്നരലക്ഷം രൂപ നൽകാമെന്നാണ് വാഗ്ദാനം ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

