പൊട്ടിവീഴണോ കണ്ണുതുറക്കാൻ?
text_fieldsകോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജിൽ സൂപ്പർ സ്പെഷാലിറ്റി ആശുപത്രി ഒ.പി ടിക്കറ്റ് കൗണ്ടറിന് ഭീഷണിയായി വൻ മരങ്ങളുണ്ടായിട്ടും കാണാത്ത ഭാവം നടിച്ച് അധികൃതർ. ഒരു ദുരന്തമുണ്ടാവാൻ കാത്തിരിക്കുകയാണ് അധികൃതരെന്ന് രോഗികളും കൂട്ടിരിപ്പുകാരും പറയുന്നു. മൂന്ന് മരങ്ങളാണ് സൂപ്പർ സ്പെഷ്യാലിറ്റി ഒ.പി ടിക്കറ്റ് കൗണ്ടറിന് മുകളിലേക്ക് ചാഞ്ഞുനിൽക്കുന്നത്. പ്രവേശന കവാടത്തിലുമുണ്ട് ഭീഷണി ഉയർത്തി മരം.
വെട്ടിമാറ്റണമെന്ന് ആവശ്യപ്പെട്ട് രണ്ടുവർഷം മുമ്പ് തന്നെ സുരക്ഷ വിഭാഗം കത്ത് നൽകിയെങ്കിലും നടപടിയെടുത്തിട്ടില്ല. മരം പൊട്ടി വീണാൽ കെട്ടിടത്തിന് കേടുപാടുകൾ സംഭവിക്കുകയും ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്യും. രാവിലെ മുതൽ രോഗികളം കൂട്ടിരിപ്പുകാരും ഒ.പി ടിക്കറ്റിന് വരിനിൽക്കുന്ന സ്ഥലമാണിത്. ശക്തമായ കാറ്റിൽ ആശങ്കയോടെയാണ് ഇവിടെ ഒ.പി ടിക്കറ്റിനായി വരി നിൽക്കുന്നതെന്ന് രോഗികൾ പറയുന്നു.
പി.ഡബ്ല്യു.ഡി അധികൃതരാണ് വെട്ടിമാറ്റേണ്ടത്. ഫണ്ടില്ലെന്ന് പറഞ്ഞാണ് മരം വെട്ടിമാറ്റാതിരിക്കുന്നത്. തീപിടിത്തമുണ്ടായി അടച്ചിട്ട പി.എം.എസ്.എസ്.വൈ സൂപ്പർ സ്പെഷാലിറ്റി അത്യാഹിത വിഭാഗം വളപ്പിൽ കഴിഞ്ഞ മാസം മരം കടപുഴകി വീണിരുന്നു. ആശുപത്രിയിൽ രോഗികളുടെ പ്രവേശനം ഇല്ലാതിരുന്നതിനാലാണ് അത്യാഹിതം ഒഴിവായത്.
ന്യായ വില മെഡിക്കൽ ഷോപ്പ്, എസ്.ബി.ഐക്ക് മുന്നിൽ വാർഡ് 46ന് മുകളിലേക്ക് അപകടകരമാം വിധം മരം ചാഞ്ഞുകിടക്കുന്നുണ്ട്. മെഡിക്കൽ കോളജ് കാമ്പസിന്റെ പല ഭാഗങ്ങളിലും ഇത്തരത്തിൽ അപകടകരമാംവിധം മരങ്ങൾ വളർന്നു പന്തലിച്ചു കിടക്കുന്നുണ്ട്. കഴിഞ്ഞ വർഷം ശക്തമായ മഴയിൽ കാമ്പസ് റോഡിൽ ഇന്ത്യൻ കോഫി ഹൗസിന് സമീപം മരം പെട്ടിവീണ് ഗതാഗതം തടസ്സപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

